-->
തൃശൂര്‍: ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. പുതുവീട്ടില്‍ ഷിഹാബിന്റെ ഭാര്യ ജുമൈല (50)യെയാണ് വീട്ടുവളപ്പില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ജുമൈല നാട്ടുകാരിയായ സ്ത്രീയില്‍ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകന്‍ ഷിനാസ് പറയുന്നു.പലിശയിനത്തില്‍ മാത്രമായി മാസം 10,000 രൂപ വീതം എട്ടു മാസത്തോളം നല്‍കിയെങ്കിലും രണ്ടുമാസത്തോളം പണം നല്‍കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാരി ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ചശേഷമാണ് ജുമൈല ജീവനോടുക്കിയത്.
ഇനി സഹോദരനെയും കൂട്ടി വീട്ടില്‍ വരുമെന്ന് സ്ത്രീ പറഞ്ഞതായും കുറിപ്പിലുണ്ട്. 'എല്ലാവരും എന്റെ മക്കളെ നോക്കണേയെന്ന്' ജുമൈല കുറിപ്പില്‍ എഴുതിയിരുന്നു. സ്ത്രീ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ജുമൈല വീടിന് പിറകില്‍വെച്ച് ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. വീടിന് പിറകിലെ പറമ്പിലാണ് ജുമൈലയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.