-->
രണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യയെ അമേരിക്ക കണ്ടിരുന്നത് തങ്ങളുടെ 'സ്വാഭാവിക പങ്കാളി'യായാണ്. ഇന്തോ-പസഫിക് മേഖലയില്‍ അമേരിക്കയുടെ തന്ത്രപ്രധാന നീക്കങ്ങള്‍ക്ക് ഇന്ത്യയുടെ ഭൂമിശാസ്‌ത്രപരമായ സ്‌ഥാനവും സൈനിക ശേഷിയും ജനാധിപത്യ മൂല്യങ്ങളും ഒഴിച്ചുകൂടാനാവാത്തതാണെന്ന് വൈറ്റ് ഹൗസ് വിശ്വസിച്ചു പോന്നു. റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റ് ഭേദമന്യേ മാറിമാറി വന്ന അഞ്ച് യു.എസ്. ഭരണകൂടങ്ങള്‍ ഈ ബന്ധത്തിനായി വലിയ നിക്ഷേപം നടത്തി. അവര്‍ ഇന്ത്യയെ വെറുമൊരു വിപണിയായല്ല, മറിച്ച് ഒരു ദീര്‍ഘകാല തന്ത്രപ്രധാന പങ്കാളിയായാണ് കണക്കാക്കിയത്.
എന്നാല്‍, കഴിഞ്ഞ വര്‍ഷം ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഈ സ്‌നേഹബന്ധത്തിന് വിള്ളല്‍ വീണിരിക്കുകയാണ്. ട്രംപിന്റെ രണ്ടാം വരവ് പരസ്യമായ അധിക്ഷേപങ്ങള്‍ക്കും കടുത്ത വ്യാപാര യുദ്ധത്തിനുമാണ് വഴിതുറന്നത്. നയതന്ത്ര സമ്മര്‍ദത്തിനുള്ള ആയുധമായാണ് ട്രംപ് താരിഫുകളെ (വ്യാപാര നികുതി) ഉപയോഗിക്കുന്നത്. ഫെബ്രുവരി രണ്ടിന് പ്രഖ്യാപിക്കപ്പെട്ട താല്‍ക്കാലിക വ്യാപാര കരാര്‍ സാമ്പത്തിക പോരിന് അല്‍പം ശമനം നല്‍കിയേക്കാം. പക്ഷേ, ഒരു തന്ത്രപ്രധാന പങ്കാളിത്തത്തിന് അത്യാവശ്യമായ 'വിശ്വാസം' എന്ന മൂലധനം അത്രവേഗം തിരിച്ചുപിടിക്കാനാവില്ല.
ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ നികുതി 50 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറച്ചത് ഇന്ത്യയ്‌ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കും. എന്നാല്‍, ഇതിന് പിന്നില്‍ വലിയ നിബന്ധനകളുണ്ട്. അമേരിക്കന്‍ വ്യാവസായിക ഉല്‍പന്നങ്ങള്‍ക്കും കാര്‍ഷിക വിഭവങ്ങള്‍ക്കും ഇന്ത്യ ഏതാണ്ട് പൂജ്യം ശതമാനം നികുതിയില്‍ വിപണി തുറന്നു നല്‍കേണ്ടി വരും. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ കാര്‍ഷിക രംഗത്തേക്ക് അമേരിക്കന്‍ ഇറക്കുമതി പ്രളയം സൃഷ്‌ടിക്കുന്നത് രാജ്യത്ത് ഇതിനകം തന്നെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഇവിടെയും തീരുന്നില്ല കാര്യങ്ങള്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വാങ്ങുമെന്നും, വില കുറഞ്ഞ റഷ്യന്‍ എണ്ണയ്‌ക്ക് പകരം കൂടുതല്‍ ഗതാഗതച്ചെലവുള്ള അമേരിക്കന്‍ എണ്ണ വിപണി വിലയ്‌ക്ക് വാങ്ങുമെന്നും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ഇതിന് പകരമായി ഇന്ത്യയ്‌ക്ക് ഉറപ്പുള്ള യാതൊരു വാഗ്‌ദാനവും അമേരിക്ക നല്‍കിയിട്ടുമില്ല. തുല്യനീതിയിലധിഷ്‌ഠിതമായ ഒരു പങ്കാളിത്തത്തിന് പകരം ഒരു വശത്തേക്ക് മാത്രം ചായുന്ന ഈ കരാര്‍ ലോക വ്യാപാര സംഘടനയുടെ ഡബ്ല്യു.ടി.ഒ.) നിയമങ്ങളില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റമാണ് കാണിക്കുന്നത്. ഇതൊരു തന്ത്രപരമായ അനുരഞ്‌ജനമല്ല, മറിച്ച് പോര് താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കല്‍ മാത്രമാണ്.
കരാര്‍ പ്രഖ്യാപിച്ച രീതി തന്നെ ഇതിന് തെളിവാണ്. സാധാരണയായി ഇത്തരം കരാറുകള്‍ രണ്ട് രാജ്യങ്ങളുടെയും തലസ്‌ഥാനങ്ങളില്‍ ഒരേസമയം പ്രഖ്യാപിക്കുന്നതാണ് അന്തസ്സ്. യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ അടുത്തിടെ ഒപ്പുവച്ച 'മെഗാ കരാര്‍' അത്തരത്തിലൊന്നായിരുന്നു. എന്നാല്‍, യു.എസ്. കരാര്‍ ട്രംപ് സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമിലൂടെയാണ് ആദ്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'അഭ്യര്‍ത്ഥന' മാനിച്ച് താന്‍ നല്‍കിയ ഒരു 'സമ്മാനം' എന്ന നിലയിലാണ് അദ്ദേഹം ഇതിനെ അവതരിപ്പിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചുമണിക്കാണ് വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്‌താവന ഇറക്കിയത്.
ഇന്ത്യയോടുള്ള അവഹേളനം അവിടെയും അവസാനിച്ചില്ല. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവയ്‌ക്കുമെന്ന വാഗ്‌ദാനം ലംഘിക്കപ്പെട്ടാല്‍ വീണ്ടും കടുത്ത നികുതി ഏര്‍പ്പെടുത്താന്‍ ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ അനുമതി നല്‍കി. ഇന്ത്യയുടെ ഊര്‍ജ ഇറക്കുമതിയെ അമേരിക്കയുടെ ദേശീയ സുരക്ഷാ പ്രശ്‌നമായി മാറ്റുന്നതിലൂടെ, ഇന്ത്യയുടെ സ്വയംഭരണാധികാരം തങ്ങളുടെ നിയന്ത്രണത്തിലായിരിക്കണം എന്ന വ്യക്‌തമായ സന്ദേശമാണ് ട്രംപ് നല്‍കുന്നത്.
ചൈനയെക്കാളും വിയറ്റ്‌നാമിനെക്കാളും കുറഞ്ഞ നികുതിയാണ് ഇപ്പോള്‍ ഇന്ത്യയ്‌ക്കുള്ളതെന്നാണ് ഇന്ത്യന്‍ ഭരണകൂടം ഇതിനെ ന്യായീകരിക്കുന്നത്. എന്നാല്‍, ഇതൊരു വലിയ നേട്ടമായി കാണാനാവില്ല. ഏതു നിമിഷവും കരാറില്‍നിന്ന് പിന്മാറുന്ന സ്വഭാവമുള്ള ട്രംപ് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയെ കൈവിട്ടേക്കാം.
ട്രംപ് പണ്ട് നടത്തിയ വഞ്ചനകളും ഇന്ത്യയെപ്പോലൊരു വളരുന്ന സമ്പദ്‌വ്യവസ്‌ഥയെ 'ചത്ത സമ്പദ്‌വ്യവസ്‌ഥ' എന്ന് വിളിച്ച അധിക്ഷേപങ്ങളും ഇന്ത്യ അത്ര വേഗം മറക്കില്ല. സത്യത്തില്‍ ട്രംപ് ഇന്ത്യയെ ഒരു കാര്യം ബോധ്യപ്പെടുത്തിയിരിക്കുകയാണ്;തന്റെ വിദേശനയം കേവലം ലാഭനഷ്‌ടങ്ങളില്‍ അധിഷ്‌ഠിതമാണെന്നും അമേരിക്കയെ ഒരു വിശ്വസ്‌ത പങ്കാളിയായി കാണാനാവില്ലെന്നും. അതുകൊണ്ടുതന്നെ അമേരിക്കയെ അമിതമായി ആശ്രയിക്കാതെ യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം ശക്‌തമാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നത് ഉചിതമായ നീക്കമാണ്.
നയതന്ത്ര പങ്കാളിത്തങ്ങള്‍ നിലനില്‍ക്കുന്നത് പരസ്‌പര ബഹുമാനത്തിലും മുന്‍കൂട്ടി പ്രവചിക്കാവുന്ന സുസ്‌ഥിരമായ നയങ്ങളിലുമാണ്. എന്നാല്‍, ട്രംപിന്റെ ഭരണത്തില്‍ ഇവ രണ്ടും കാണാനില്ല. താല്‍ക്കാലിക ലാഭത്തിനായി ഒരു സുഹൃദ് രാജ്യത്തെ വിരട്ടുന്നതിലൂടെ അമേരിക്ക വലിയൊരു നഷ്‌ടമാണ് വരുത്തിവയ്‌ക്കുന്നത്. ഇന്തോ-പസഫിക് മേഖലയില്‍ അമേരിക്കയുടെ തന്നെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അത്യന്താപേക്ഷിതമായ ഒരു പങ്കാളിത്തത്തെയാണ് ട്രംപ് ഇല്ലാതാക്കുന്നത്.
ബ്രഹ്‌മ ചെല്ലാനി www.project-syndicate.org