-->
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരും മുന്‍ ദേവസ്വം ബോര്‍ഡും കുരുക്കിലേക്ക്. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി. എസ് പ്രശാന്ത്, മുന്‍ ബോര്‍ഡ് അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ അനേഷണം നേരിടേണ്ടി വന്നേക്കും.
ഫണ്ട് വിനിയോഗത്തിലെ അവ്യക്‌തയില്‍ ഇ.ഡിക്കു പുറമേ കൂടുതല്‍ കേന്ദ്ര അനേഷണ ഏജന്‍സികള്‍ അനേഷണം നടത്തുമെന്നാണ് സൂചന. ഇതിനു പുറമേ പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്.ഐ.ടി അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തിയേക്കും എന്ന് സൂചന.ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്.ഐ.ടി. നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ പരിപാടിയെന്നാണു സര്‍ക്കാര്‍ വാദമെങ്കിലും അയ്യപ്പ സംഗമം പോലെ അതിവിപുലവും പ്രധാനപെട്ടതുമായ ഒരു പൊതുപരിപാടി തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനിട്‌സില്‍ ഇല്ലെന്നാണ് എസ്.ഐ.ടി. റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനിയോഗത്തിലെ അവ്യക്‌തകളും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
ആഗോള അയ്യപ്പ സംഗമവും പരാമര്‍ശിച്ച പശ്‌ചാത്തലത്തില്‍ തിങ്കളാഴ്‌ച യോഗം വിളിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
അതേസമയം, ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കും.
അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സര്‍ക്കാരില്‍നിന്നോ ദേവസ്വം ബോര്‍ഡില്‍നിന്നോ കൈപ്പറ്റാന്‍ പാടില്ലെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. അയ്യപ്പസംഗമത്തിന് വേണ്ട പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താം എന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രതീക്ഷിച്ചിരുന്നത്. ഏകദേശം എട്ടു കോടി രൂപ ചെലവ് വരുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി തന്നെ പത്രസമ്മേളനത്തില്‍പറഞ്ഞിരുന്നു. എന്നാല്‍, ഈ തുക മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ കഴിഞ്ഞോ എന്നതില്‍ വ്യക്‌തതയില്ല. ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ ഒരുക്കിയത് പശ്‌ചാത്തല സൗകര്യം: മന്ത്രി വി.എന്‍. വാസവന്‍
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് സര്‍ക്കാര്‍ ഒരുക്കിയത് പശ്‌ചാത്തല സൗകര്യം മാത്രമെന്നു ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. നാലു കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പ് വഴി കിട്ടിയെന്ന് അറിയാം. ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോര്‍ഡാണ്.
അയ്യപ്പസംമം കാരണമാണ് സ്വര്‍ണക്കൊള്ള പുറത്ത് വന്നത്. അയ്യപ്പസംഗമം പൊളിക്കാന്‍ ഗൂഢാലോചന നടത്തിയത് യു.ഡി.എഫാണ്. ശബരിമല സ്വര്‍ണക്കൊള്ള യു.ഡി.എഫിന് ബൂമറാങ് ആയി.-വി.എന്‍. വാസവന്‍ പറഞ്ഞു.
ജി. അരുണ്‍