-->
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ വിജയിക്കാനാകുമെന്ന് ബി.ജെ.പി. സംസ്‌ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയ 11 നിയമസഭാ മണ്ഡലങ്ങളില്‍ ഉറപ്പായും വിജയിക്കാനാകുമെന്ന് പാര്‍ട്ടി സംസ്‌ഥാന നേതൃത്വം ദേശീയ നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കി. ഇതിനുപുറമേ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ രണ്ടാമതെത്തിയ നിയമസഭാ മണ്ഡലങ്ങളും ബി.ജെ.പിയുടെ വിജയപ്രതീക്ഷാ പട്ടികയിലുണ്ട്.
കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, ആറ്റിങ്ങല്‍, കാട്ടാക്കട, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ഒന്നാമതെത്തിയത്. ഇവയെല്ലാം എല്‍.ഡി.എഫിന്റെ സിറ്റിങ് മണ്ഡലങ്ങളാണ്.
എന്‍.ഡി.എ രണ്ടാമതെത്തിയത് തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ് നിയമസഭാ മണ്ഡലങ്ങളിലാണ്. ഇതില്‍ അഞ്ചിടത്ത് യു.ഡി.എഫ് എം.എല്‍.എ.മാരും മൂന്നിടത്ത് എല്‍.ഡി.എഫ് എം.എല്‍.എ.മാരുമാണുള്ളത്. ഇതിനുപുറമേ പാലാ, തിരുവല്ല നിയമസഭാ മണ്ഡലങ്ങളലും ബി.ജെ.പി. പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ഈ രണ്ടു മണ്ഡലങ്ങളിലെയും രാഷ്‌ട്രീയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്നാണു പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ബി.ജെ.പി. മുന്നണിക്കു വിജയസാധ്യതയുള്ള നിയമസഭാ മണ്ഡലങ്ങളേറെയും നിലവില്‍ എല്‍.ഡി.എഫിനു മേല്‍ക്കൈയുള്ളവയാണ്. സംസ്‌ഥാനത്ത് കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ബി.ജെ.പിക്കു ക്രമാനുഗതമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ഈ കണക്കിലാണു ബി.ജെ.പി.സംസ്‌ഥാന-ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ആറു ശതമാനം വോട്ടാണു ലഭിച്ചിരുന്നതെങ്കില്‍ 2025 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് 20 ശതമാനമായി ഉയര്‍ന്നു. 2011 ലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആദ്യമായി പത്ത് ലക്ഷത്തിനു മുകളില്‍ വോട്ട് നേടുന്നത്. രണ്ടാം സ്‌ഥാനം നേടുന്ന മണ്ഡലങ്ങളുടെ എണ്ണം മൂന്നായി ഉയരുകയും ചെയ്‌തു.
ബി.ജെ.പിയുടെ വളര്‍ച്ചയ്‌ക്കു വേഗം കൂടിയത് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. ആന്നാദ്യമായി ഒരു ബി.ജെ.പി. സ്‌ഥാനാര്‍ഥി ജയിച്ചു. ഏഴു മണ്ഡലങ്ങളില്‍ രണ്ടാം സ്‌ഥാനത്തും വന്നു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 15 സീറ്റില്‍ മത്സരിക്കുകയും തിരുവനന്തപുരത്ത് രണ്ടാം സ്‌ഥാനം നിലനിര്‍ത്തുകയും ചെയ്‌തു. ബി.ജെ.പി. മുന്നണി 15.6 ശതമാനം വോട്ടും നേടി.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുമ്പു ജയിച്ച സീറ്റ് കൈവിട്ടെങ്കിലും 2024 ല്‍ 16 സീറ്റില്‍ മത്സരിച്ച് ബി.ജെ.പി. തൃശൂരില്‍നിന്ന് ലോക്‌സഭയിലേക്ക് ആദ്യമായൊരു എം.പിയെ ജയിപ്പിച്ചു. അങ്ങനെ സുരേഷ് ഗോപി കേരളത്തില്‍നിന്നുള്ള ആദ്യ ബി.ജെ.പി എം.പിയായി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മൂന്നാം തവണയും തുടര്‍ച്ചയായ രണ്ടാം സ്‌ഥാനം നിലനിര്‍ത്താനും അന്നു കഴിഞ്ഞു.
ഷാലു മാത്യു