-->
സ്കൂൾ ബസ് ബൈക്കിലിടിച്ച് പിഞ്ചുകുട്ടികൾക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ തനിസാന്ദ്രയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. തനിസാന്ദ്രയിലെ സിഎആർ വിഭാഗത്തിൽ കോൺസ്റ്റബിളായ നാഗനഗൗഡ ഇരു കുട്ടികളുമായി വീടിന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. പ്രധാന റോഡിലൂടെ പോകുമ്പോൾ എതിർ ദിശയിലെത്തിയ സ്കൂൾ ബസ് ബൈക്കിലിടിച്ചാണ് അപകടം.
അജ്മോനി സ്കൂളിന്റെ ബസാണ് ബൈക്കിൽ ഇടിച്ചത്. ബൈക്ക് കണ്ടതോടെ പെട്ടന്ന് വെട്ടിച്ച ബസ് നിയന്ത്രണം വിട്ട് നാഗനഗൗഡയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസ്സിടിച്ചതിൻ്റെ ആഘാതത്തിൽ നാഗനഗൗഡയും രണ്ട് കുട്ടികളും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കുഞ്ഞുങ്ങൾ വീണത് ബസിന്റെ ടയറുകൾക്ക് അടിയിലേക്കായിരുന്നു. ഡ്രൈവർ ബ്രേക്ക് ചെയ്യുമ്പോഴേക്കും ബസ് കുട്ടികളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടും നാലും വയസ്സുള്ള കുരുന്നുകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബൈക്കോടിച്ചിരുന്ന നാഗനഗൗഡയ്ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.