-->
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂർ കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് ആവിഷ്കരിച്ച 741 കോടി രൂപ മുതൽ മുടക്കുള്ള ബൃഹത്തായ തുടർ വികസന പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണവും ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കലും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2019 ൽ കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയ വെള്ളൂർ എച്ച്.എൻ.എൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം പുതുതായി രൂപീകരിച്ചതാണ് കെ.പി.പി.എൽ. അടച്ചു പൂട്ടിയ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം സംസ്ഥാനം ഏറ്റെടുത്ത് പുന:സംഘടിപ്പിക്കുകയും വിജയകരമായി നടത്തുകയും മാത്രമല്ല, അതി ബൃഹത്തായ തുടർ വികസന പദ്ധതി ആവിഷ്കരിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് വ്യക്തമാക്കി.
175 കോടി രൂപ സര്‍ക്കാരിന്‍റെ ഓഹരി പങ്കാളിത്തമായു,, കെ.എസ്.ഐ ഡി.സി യുടെ ഓഹരി പങ്കാളിത്തമായി 25 കോടി രൂപയും ആണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കൺസോര്‍ഷ്യം വഴി ലഭ്യമാക്കും. വിപണി ആവശ്യങ്ങളും, പ്ലാസ്റ്റിക്ക് നിരോധനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും, ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേർന്ന് ഉയർന്ന നിലവാരത്തിലുള്ള പേപ്പർ ഉൽപന്നങ്ങൾക്ക് വലിയ വളർച്ചാ സാധ്യതയാണ് കണക്കാക്കുന്നത്. ഇ-കോമേഴ്‌സ്, ഭക്ഷ്യവസ്തുകളുടെ വിതരണം, റീട്ടെയിൽ എന്നീ മേഖലകളുടെ വളര്‍ച്ചയോടൊപ്പം പേപ്പർ ഉൽപ്പന്നങ്ങളുടെ ആവശ്യവും ഗണ്യമായി ഉയർന്നു വരികയാണ്. നോട്ട് ബുക്കുകൾ, ടെക്സ്റ്റ് ബുക്കുകൾ, ഓഫീസ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന റൈറ്റിംഗ് & പ്രിന്‍റിoഗ് പേപ്പർ, കോപ്പിയർ പേപ്പർ മുതലായ പേപ്പർ ഉല്‍പ്പന്നങ്ങൾക്കും രാജ്യവ്യാപകമായി ആവശ്യം നിരന്തരം ഉയരുന്നുണ്ട്.