-->
കൊല്ലം: പശു വളർത്താൻ ബാങ്കിൽ നിന്ന് വായ്പയെടുത്ത കുടുംബത്തെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പുറത്താക്കിയശേഷം വീടും പറമ്പും ജപ്തി ചെയ്ത് കേരള ബാങ്കിന്റെ നടപടി. പെരുവഴിയിലായ വീട്ടുകാരെ പൂട്ട് പൊളിച്ച് തിരികെ താമസിപ്പിച്ച് ഇടത് യുവജന പ്രസ്ഥാനമായ എ.ഐ വൈ എഫ് പ്രവർത്തകർ. അഞ്ചൽ പഞ്ചായത്തിലെ കാച്ചാണിയിലാണ് കേരള ബാങ്കിന്റെ നടപടി.
2010ല്‍ ജിഷ കേരള ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. പശു വളര്‍ത്തലിന് വേണ്ടിയായിരുന്നു 10 ലക്ഷം രൂപ ലോണ്‍ എടുത്തത്. ഈ പണം ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ നിന്നും 10 പശുക്കളെ ജിഷ വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് രോഗം ബാധിച്ച് ഈ പത്ത് പശുക്കളും ചത്തതോടെ ജിഷ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തിരിച്ചടവും മുടങ്ങി. ഇതോടെയാണ് കേരള ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.
ഇന്നലെ വൈകീട്ടോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് എത്തി. ജിഷയുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞും, പ്രായമായ അച്ഛനും അമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാത്രി മുഴുവൻ വീടിന് പുറത്തു നിർത്തി. ഉദ്യോഗസ്ഥരുടെ ക്രൂരമായ നടപടി പി എസ് സുപാൽ എം എൽ എ യുടെ ശ്രദ്ധയിൽപെട്ടു. വീട്ടുകാരുമായി ഫോണിൽ സംസാരിച്ച ശേഷം ബാങ്ക് അധികൃതരുമായും മുഖ്യമന്ത്രിയുമായും സംസാരിച്ചു. ജപ്തി ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കാം എന്ന് ഉറപ്പ് നൽകി. വീട് തുറന്നു നൽകാൻ ബാങ്ക് അധികൃതർ തയ്യാറാകാതിരുന്നതോടെ എഐവൈഎഫ് പ്രവർത്തകർ വീടിൻ്റെ പൂട്ട് പൊളിച്ചു വീട്ടുകാരെ വീടിനുള്ളിൽ കയറ്റി താമസിപ്പിക്കുകയുമായിരുന്നു.