Friday, March 13, 2026 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 12.48 PM

‘24-ാം വയസ്സില്‍ കാന്‍സര്‍ കണ്ടെത്തി, 28 ല്‍ ട്രാന്‍സ്പ്ലാന്റും ചെയ്തു; പക്ഷേ അന്ന് എഗ് ഫ്രീസിംഗിനെപ്പറ്റി ഡോക്ടര്‍മാര്‍ പറഞ്ഞില്ല; ചോദിച്ചപ്പോഴുള്ള മറുപടിയും ഞെട്ടിച്ചു...’ മംമ്ത മോഹന്‍ദാസ്

കാന്‍സര്‍ എന്ന രോഗത്തെ രണ്ടു തവണ ആത്മധൈര്യത്തോടെ നേരിട്ട താരമാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോഴിതാ തന്റെ ട്രീറ്റ്മെന്റ് തുടങ്ങുന്നതിന് മുമ്പ് എഗ് ഫ്രീസിംഗിനെക്കുറിച്ച് ഡോക്ടര്‍മാര്‍ പറഞ്ഞില്ലെന്ന് പറയുകയാണ് മംമ്ത.
Mamta mohandas
Mamta Mohandas about egg freezing (Image Source: Instagram)

ഹരിഹരന്‍ സംവിധാനം ചെയ്ത ‘മയൂഖം’ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മംമ്ത മോഹന്‍ദാസ്. അഭി​നേത്രിയായി മാത്രമല്ല ഗായികയായും തിളങ്ങി നില്‍ക്കുന്ന താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളില്‍ ശ്രദ്ധേയമായ താരമാണ്. സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ലിംഫ് നോഡുകളെ ബാധിക്കുന്ന ലിംഫോമ എന്ന അര്‍ബുദം താരത്തെ നേരിടാനെത്തിയത്.
താരത്തെ സംബന്ധിച്ചിടത്തോളം തന്റെ ഏറ്റവും വലിയ എതിരാളി, അര്‍ബദത്തോടുള്ള പോരാട്ടമായിരുന്നു. രണ്ട് തവണ കാന്‍സര്‍ വന്നപ്പോഴും മനസ്സിന്റെ ധൈര്യം കൈവിടാതെ മംമ്ത അതിനോട് പോരാടി. ഇതിനിടെ വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷനും താരത്തെ ബാധിച്ചു. അതും ആത്മധൈര്യത്തോടെ മംമ്ത നേരിട്ടു. ജീവിതത്തില്‍ തിരിച്ചടികള്‍ ഒന്നിലേറെ തവണ വന്നപ്പോഴും തകർന്ന് പോകാതെ മംമ്ത എല്ലാത്തിനെയും നേരിട്ടു.
ഇപ്പോഴിതാ തന്റെ ട്രീറ്റ്മെന്റ് തുടങ്ങുന്നതിന് മുമ്പ് എഗ് ഫ്രീസിംഗിനെക്കുറിച്ച്‌ ഡോക്ടർമാർ പറഞ്ഞില്ലെന്ന് പറയുകയാണ് മംമ്ത മോഹന്‍ദാസ്. കാൻസർ ചികിത്സയ്ക്ക് ശേഷം മെഡിക്കൽ സംവിധാനത്തിലെ ചില പോരായ്മകളെക്കുറിച്ച് താൻ ചില കാര്യങ്ങള്‍ മനസ്സിലാക്കിയെന്നും തനിക്ക് 24 -ാം വയസില്‍ കാൻസർ വന്നുവെന്നും 28 -ാം വയസില്‍ ട്രാൻസ്പ്ലാന്റ് ചെയ്തെന്നും പറയുന്ന മംമ്ത, അന്ന് എഗ് ഫ്രീസിംഗിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള ഡോക്ടര്‍മാരുടെ മറുപടി കേട്ട് ഞെട്ടിയെന്നും പറയുന്നു.
‘‘24 -ാം വയസിലാണ് എനിക്ക് കാൻസർ കണ്ടെത്തുന്നത്. ട്രാൻസ്പ്ലാന്റ് ചെയ്തത് 28 വയസിലാണ്. ആരും എന്നോട് എഗ് ഫ്രീസ് ചെയ്യുന്നതിനെക്കുറിച്ച്‌ പറഞ്ഞു തന്നിട്ടില്ല. ട്രാൻസ്പ്ലാന്റ് കഴിഞ്ഞിട്ടാണ് ഞാൻ പോയി ചോദിക്കുന്നത്. ഡോക്ടറുടെ അലസമായ മറുപടി നിങ്ങൾ അക്കാര്യം പറഞ്ഞില്ല എന്നായിരുന്നു. നമ്മള്‍ക്കെങ്ങനെ അറിയാനാണ്. ഒന്നാമത് നമുക്ക് ഇൻഫർമേഷൻ ഇല്ല. ഈ ഡോക്ടർമാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചതാണ്. ഡോക്ടർമാരെ കുറ്റം പറയുകയല്ല, പക്ഷെ നമ്മുടെ മെഡിക്കല്‍ സിസ്റ്റത്തില്‍ പിഴവുകളുണ്ട്.
അന്നത്തെ കാലത്ത് സ്റ്റിഗ്മ എന്താണ്. ഇതിനെക്കുറിച്ച്‌ ആരോടെങ്കിലും സംസാരിക്കാൻ പറ്റുമോ. സ്വന്തം മാതാപിതാക്കള്‍ സ്വന്തം സഹോദരങ്ങളോട് പോലും പറയുന്നില്ല. അത് തന്നെ വെെകിയാണ് പറയുന്നത്. എത്ര ബുദ്ധിമുട്ടിയിട്ടാണ്. എനിക്ക് സപ്പോർട്ട് ആയി ആ സമയത്ത് വന്നവരുണ്ട്, എനിക്കൊപ്പം ഇരുന്ന് തമാശ പറഞ്ഞിട്ടുണ്ട്. സപ്പോർട്ട് എന്ന് പറഞ്ഞ് വരുന്ന കുറേ ആള്‍ക്കാർക്ക് സിംപതിയാണ്. അത് രോഗിക്ക് ടോക്സിക്കാണ്.
പലപ്പോഴും എഴുന്നേല്‍ക്കാൻ പോലും വയ്യാതെ ഞാൻ ഷൂട്ടിംഗിന് പോയിട്ടുണ്ട്. എന്റെ വർക്കില്‍ ഞാൻ ബുദ്ധിമുട്ട് കാണിക്കാറില്ല. മനസിനെ ശക്തിപ്പെടുത്തുക എന്നത് നമുക്ക് തന്നെയേ ചെയ്യാൻ പറ്റൂ. അത് ആരും എവിടെ നിന്നും എടുത്ത് തരില്ല. അങ്ങനെയുള്ള സപ്പോർട്ട് സിസ്റ്റം ക്രിയേറ്റ് ചെയ്യാനും ബിൽഡ് ചെയ്യാനും ആകണം. സ്വന്തം കുടുംബാംഗങ്ങൾ സപ്പോർട്ട് ചെയ്യുകയാണെന്ന് പറഞ്ഞ് വരും. അവർ നമുക്ക് ചുറ്റുമിരുന്ന് എപ്പോഴും സങ്കടപ്പെടുന്നത് കാെണ്ടും കരയുന്നത് കൊണ്ടും ഫെെറ്റ് ചെയ്യുന്ന പേഷ്യന്റിന് ഒരു ശക്തിയും ലഭിക്കില്ല.
ആ സമയത്ത് ശരിക്കും വേണ്ടത് കുറച്ച് സെൻസ് ഓഫ് ഹ്യൂമറുള്ള ആൾക്കാരാണ്. ഒന്ന് ചിരിച്ച് ലെെറ്റ് ആക്കുക. അത് രോ​ഗിയെ ഒരുപാട് സഹായിക്കും. കാൻസർ വരുന്നതെങ്കിൽ നിങ്ങളുടെ കാൻസറിനെക്കുറിച്ച് അറിയാനും സമ്മർദ്ദമില്ലാത്ത ജീവിതം ജീവിക്കുകയെങ്ങനെയെന്ന് അറിയാനും നിങ്ങളുടെ ഫോൺ ഉപയോഗിക്കുക. ജീവിത ശെെലിയിൽ മാറ്റം വരുത്തുക. ഇതൊക്കെയാണ് നമ്മൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം. അതേസമയം കാൻസറിന്റെ കാര്യത്തില്‍ ഒരു ഉറപ്പും പറയാൻ പറ്റില്ല. നല്ല ജീവിത ശെെലിയായിര‍ുന്നു എനിക്ക്. വ്യായാമമുണ്ടായിരുന്നു. മദ്യപാനമോ മറ്റ് ദുശീലമോ ഇല്ലായിരുന്നു. എന്നിട്ടും എനിക്ക് കാൻസർ വന്നു....’’ മംമ്ത പറയുന്നു. ജോസ് ആലുക്കാസിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW