-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയും ഗായികയുമാണ് മംമ്ത മോഹന്‍ദാസ്. ‘മയൂഖം’ എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീടിങ്ങോട്ട് നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരം. കാലങ്ങളായുള്ള അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങള്‍ മംമ്ത വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്.
കരിയറില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും ഒരുപാട് പ്രചോദനമാണ് മംമ്തയുടെ ജീവിതം. രണ്ട് തവണ കാന്‍സര്‍ രോഗത്തെ നേരിട്ട്, ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആളാണ് താരം. ചികിത്സകള്‍ക്കിടയിലും താരം അഭിനയലോകത്ത് സജീവമായിരുന്നു. തന്റെ വേദന സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കും എന്നോര്‍ത്ത് അവരില്‍ നിന്നെല്ലാം മാറി താരം കാന്‍സറിനെ നേരിട്ടു. നിറഞ്ഞ ചിരിയോടെ മനസ്സിന്റെ ധൈര്യം കൈവിടാതെ അര്‍ബുദത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചു വന്ന താരം പല ആളുകളുടെ മനസ്സില്‍ ഒരു ഫിനിക്സ് പക്ഷിയാണ്.
ഇപ്പോഴിതാ ലോക അര്‍ബുദ ദിനത്തില്‍ കഷ്ടപ്പാടിലും തനിക്കൊപ്പം നിന്നവര്‍ക്ക് ഒരിക്കല്‍ കൂടെ നന്ദി പറയുകയാണ് മംമ്ത മോഹന്‍ദാസ്. പോരാട്ടങ്ങളിലും കഷ്ടപ്പാടിലും നിരുപാധികം സ്നേഹിച്ചവര്‍ക്കും ഉപാധികളോടെ സ്നേഹിച്ചവര്‍ക്കും നന്ദി പറയുന്നു എന്നാണ് മംമ്ത കുറിച്ചിരിക്കുന്നത്.
‘‘എന്റെ പോരാട്ടങ്ങളിൽ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, നിരുപാധികം എന്നെ സ്നേഹിച്ചവർക്ക് ഇന്ന് ഞാൻ ഒരു നന്ദി പറയുന്നു.
ആരെയെങ്കിലും ഉപേക്ഷിക്കുന്നതും ആശ്രയിക്കുന്നതും ആശ്രയിക്കുന്നതും ശരിയാണെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതന്നു, വിശ്വാസം അർപ്പിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും നിസ്വാർത്ഥനായിരിക്കുന്നതിൽ തെറ്റില്ലെന്നും നിങ്ങൾ എനിക്ക് കാണിച്ചുതന്നു. നിങ്ങൾ എന്നെ വിശ്വസിപ്പിച്ചു. വീണ്ടും.
നിബന്ധനകളോടെ സ്‌നേഹിച്ചവര്‍ക്കും അതിലും വലിയ നന്ദി, കാരണം നിങ്ങൾ എന്നിലുള്ള എന്റെ വിശ്വാസത്തെ കൂടുതൽ ശക്തമാക്കി, കൂടുതല്‍ ബോധ്യത്തോടെ ഞാന്‍ നടത്തിയ തിരഞ്ഞെടുപ്പുകളില്‍ വിശ്വസിക്കുകയും എനിക്ക് എന്നെ കുറിച്ച് തന്നെയുള്ള സംശയങ്ങള്‍ ഒഴിവാക്കാനും നിങ്ങള്‍ സഹായിച്ചു.
വിശ്വസിക്കുന്ന പോരാളികൾക്കും അതിജീവിച്ചവർക്കും സ്നേഹവും കൂടുതല്‍ ശക്തിയും ആശംസിക്കുന്നു. സ്നേഹവും വെളിച്ചവും നിങ്ങളെ നയിക്കട്ടെ....’’ എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് മംമ്ത കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അര്‍ബുദ ദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ മംമ്ത മോഹന്‍ദാസ് സംസാരിച്ച വീഡിയോ വൈറലായിരുന്നു.