-->
കൊല്ലം: തുടര്‍ഭരണം വേണ്ടെന്ന കവി കെ സച്ചിദാനന്ദന്റെ വിമര്‍ശനത്തോട് കാതുപൊത്തില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സച്ചിദാനന്ദന്‍ ഞങ്ങളുടെ സുഹൃത്താണ്. നിര്‍ദേശത്തെ ഗൗരവത്തോടെ കാണുമെന്നും എപ്പോഴും ഞങ്ങളെ പുകഴ്ത്തണമെന്ന് ആഗ്രഹിക്കുന്നില്ല എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
എം വി ഗോവിന്ദന്റെ പാവപ്പെട്ടവര്‍ എന്ന പ്രയോഗത്തെ സംബന്ധിച്ചുള്ള പ്രസ്താവനയിലും ബിനോയ് വിശ്വം മറുപടി നല്‍കി. എല്‍ഡിഎഫിന്റെ നേട്ടത്തെപ്പറ്റിയാണ് എം വി ഗോവിന്ദന്‍ സൂചിപ്പിച്ചത് എന്നും അതിദാരിദ്ര്യം ഇല്ലാതാക്കിയതിന് പിന്നാലെയുള്ള ലക്ഷ്യം ഇനി ഇതാണെന്നും ബിനോയ് വിശ്വം മറുപടി നല്‍കി. നല്ല ആശയത്തിന് മറ്റ് അര്‍ത്ഥങ്ങള്‍ നല്‍കരുത് എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ എന്ന പ്രയോഗം ഉണ്ടാകില്ല എന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്.
കേരളത്തില്‍ തുടര്‍ഭരണം വേണ്ട എന്നായിരുന്നു കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ സച്ചിദാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളില്‍ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. ജനാധിപത്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും തുടര്‍ച്ചയായി ഭരണം ലഭിക്കുമ്പോള്‍ പാര്‍ട്ടി ആഗ്രഹിക്കാത്തവര്‍ പോലും പാര്‍ട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് ആണ് പത്ത് വര്‍ഷം ഭരിച്ചതെങ്കിലും താന്‍ ഇതുതന്നെ പറയുമെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ഇന്‍ഡ്യ സഖ്യം ഒന്നിച്ച് നില്‍ക്കണമെന്ന് പറയുന്നില്ല. കാരണം അങ്ങനെ വരുമ്പോള്‍ ബിജെപി ചിലപ്പോള്‍ പ്രതിപക്ഷമാകും, പിന്നീട് ഭരണം ലഭിച്ചേക്കുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. മധ്യ, ഉപരി മധ്യവര്‍ഗത്തിന്റെ ആഗ്രഹങ്ങളാണ് പാര്‍ട്ടി സാധിച്ചുകൊടുക്കുന്നത്. സമുദായ സംഘടനകളുമായുള്ള ഐക്യപ്രകടനവും ആരായാലും ചെയ്യാന്‍ പാടില്ല. ഗുരുവിന്റെ തത്വങ്ങള്‍ക്ക് എതിരായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവിനെക്കാള്‍ മഹാനാണ് അദ്ദേഹമെന്ന് പറയേണ്ടി വരികയും ചെയ്യുന്ന അവസ്ഥ കമ്മ്യൂണിസ്റ്റുകാരന് മാത്രമല്ല ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല എന്നും സച്ചിദാനന്ദന്‍ പറഞ്ഞു. അത്തരത്തിലുള്ള സന്ധികള്‍ പാര്‍ട്ടികളെ പിന്നോട്ട് കൊണ്ടുപോകുന്നുവെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കിയിരുന്നു.
കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത് ആശയങ്ങളുടെ പിന്തുടര്‍ച്ചയാണ് എന്നും അതിന് പകരം വ്യത്യസ്തമായ കാര്യങ്ങള്‍ ഉണ്ടാകുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷം വളരെ അപകടത്തിലായിരിക്കുന്ന കാലത്ത് അവരുടെയൊപ്പം കമ്മ്യൂണിസ്റ്റുകള്‍ നില്‍ക്കുക എന്നത് പ്രധാനമാണ്. ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകള്‍ പ്രതീക്ഷിച്ച് അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകരുത്. ഇതെല്ലാം തിരുത്താനുള്ള അവസരം ലഭിക്കണമെങ്കില്‍ പ്രതിപക്ഷത്തിരിക്കണമെന്നുമാണ് സച്ചിദാനന്ദന്‍ വ്യക്തമാക്കിയത്.