-->
കോട്ടയം : കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിക്ക് മറുപടിയുമായി മാണി സി കാപ്പന്‍ രംഗത്തെത്തി. പാലായിലെ ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും തോല്‍വി മുന്നില്‍കണ്ടുളള പ്രതികരണമാണ് ജോസ് കെ മാണി നടത്തിയതെന്നുമാണ് മാണി സി കാപ്പന്‍ പറഞ്ഞത്. കളരിയാംമാക്കല്‍ പാലം അപ്രോച്ച് റോഡ് സ്ഥലം ഏറ്റെടുപ്പ് നടക്കാത്തത് ജോസ് കെ മാണി കാരണമാണെന്നും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ലണ്ടന്‍ ബ്രിഡ്ജ് ആര്‍ക്കും തുറന്നുകൊടുത്തിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. കെ എം മാണിയുടെ കാലത്ത് രണ്ട് വാര്‍ഡില്‍ ഒതുങ്ങുന്ന വികസനങ്ങളേ കൊണ്ടുവന്നിട്ടുളളുവെന്നും വികസനങ്ങള്‍ക്ക് വിഘാതം നില്‍ക്കുന്നത് ജോസ് കെ മാണിയാണെന്നും മാണി സി കാപ്പന്‍ കുറ്റപ്പെടുത്തി
'മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് ലണ്ടന്‍ ബ്രിഡ്ജല്ല മണ്ടന്‍ ബ്രിഡ്ജ് ആണ്. ജില്ലാ വികസന യോഗത്തില്‍ പങ്കെടുക്കാത്തത് അവിടെ പോയിട്ട് ഒരു കാര്യവും ഇല്ലാത്തത് കൊണ്ടാണ്. ഈ തന്ത്രവും മന്ത്രവുമൊന്നും പാലായിലെ ജനങ്ങളുടെ മുന്നില്‍ നടക്കില്ല. ജയിക്കാമെന്ന് ജോസ് കെ മാണി സ്വപ്‌നം കാണണ്ട. പാലായിലെ ജനം ജോസ് കെ മാണി മത്സരിക്കുന്നത് നോക്കിയിരിക്കുകയാണ്': മാണി സി കാപ്പന്‍ പറഞ്ഞു. പാലായില്‍ ക്യാന്‍സര്‍ സെന്റര്‍ വരുന്നതിനെ താന്‍ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിന് മധ്യത്തില്‍ പണിയുന്നതിനെയാണ് താന്‍ എതിര്‍ത്തതെന്നും പറഞ്ഞതിനെ തെറ്റായി മനസിലാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലയിലെ ജനങ്ങള്‍ രാഷ്ട്രീയ പ്രബുദ്ധരാണെന്നും അവര്‍ക്ക് കാര്യങ്ങളെ കുറിച്ച് നല്ല വിവരമുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു . ഒരു പ്രാവശ്യം കൂടി പാലയില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ജോസ് കെ മാണി വ്യക്തമായിട്ട് അറിയാം . ആ ഭയത്തില്‍ നിന്ന് വന്ന കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്നും മാണി സി കാപ്പന്‍ പറഞ്ഞു . മുന്നണിമാറ്റത്തിനായി ജോസ് കെ. മാണി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു ഏതൊക്കെ നേതാക്കളെയാണ് കണ്ടെതെന്ന് തനിക്കറിയാം ഈ സഹചാര്യത്തില്‍ അത് പറയുന്നില്ല. ഇക്കാര്യം നിഷേധിക്കാന്‍ ജോസ് കെ മാണി തയ്യാറണോയെന്നും മാണി സി കാപ്പന്‍ ചോദിച്ചു .