-->
പത്തനംതിട്ട: നെടുംപറമ്പില്‍ ഫിനാന്‍സുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എം പി ആന്റോ ആന്റണി. തെരഞ്ഞെടുപ്പ് സമയത്ത് സഹായം എന്ന നിലയില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിന്നും പണം സ്വീകരിച്ചിരുന്നുവെന്നും രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടതുപ്രകാരം തിരികെ നല്‍കിയെന്നും ആന്റോ ആന്റണി പറഞ്ഞു.
'തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന് പണമില്ലാത്തതിനാല്‍ പലരും സഹായിക്കാറുണ്ട്. നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു 2019ല്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. തന്നെ മാത്രമല്ല, സിപിഐഎമ്മിനെയും കേരള കോണ്‍ഗ്രസിനെയും അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ ആരോപണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നിയമപരമായി പോകട്ടെ, താൻ അവയെ നേരിടുമെന്നും ആന്റോ ആന്റണി പറഞ്ഞു.
രണ്ട് മാസത്തിനകം തിരികെ നല്‍കാമെന്ന ഉറപ്പില്‍ ആന്റോ ആന്റണി തന്റെ പക്കല്‍ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്നും എന്നാല്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയതെന്നുമായിരുന്നു രാജുവിന്റെ ആരോപണം.പത്ത് ലക്ഷം രൂപവീതം രണ്ട് തവണകളായാണ് ഈ തുക ലഭിച്ചത്. തന്റെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ മകള്‍ ഉള്‍പ്പെടെ ആന്റോ ആന്റണി വീട്ടില്‍ചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നല്‍കാന്‍ തയ്യാറായില്ലെന്നും ആയിരം തവണയെങ്കിലും പണത്തിനായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും രാജു ആരോപിച്ചിരുന്നു.