-->
അന്തരീക്ഷത്തിലെ മീഥെയ്ന്‍ അളവ് കൂടിയതായി പഠനം. കോവിഡ്കാലത്ത് വാഹനങ്ങളും വ്യവസായങ്ങളും കുറഞ്ഞതോടെ വായുമലിനീകരണവും നൈട്രജന്‍ ഓക്‌സൈഡിന്റെ പുറന്തള്ളലും കുറഞ്ഞിരുന്നു. അതേസമയം ഇത് മീഥെയ്ന്‍ ക്രമീകരിക്കുന്ന പ്രകൃതിദത്ത 'ക്ലീനിങ് ഏജന്റായ ഹൈഡ്രോക്‌സില്‍ റാഡിക്കലുകളുടെ അളവും കുറച്ചു. തത്ഫലമായി മീഥെയ്ന്‍ അളവ് കൂടുകയാണുണ്ടായത്.
2020-21 കാലത്തെ മീഥെയ്ന്‍ വര്‍ധനയുടെ 80 ശതമാനവും ഈ 'ക്ലീനിങ് ഏജന്റിന്റെ' കുറവ് മൂലമാണ് സംഭവിച്ചതെന്ന് നെയ്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില സാധാരണയെക്കാള്‍ കുറയുമ്പോഴുണ്ടാകുന്ന ലാ നിന പ്രതിഭാസംമൂലം ഉഷ്ണമേഖലാ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയും ഈര്‍പ്പവും ചതുപ്പുകളില്‍നിന്നും കൃഷിയിടങ്ങളില്‍നിന്നുമുള്ള മീഥെയ്ന്‍ പുറന്തള്ളല്‍ വര്‍ധിപ്പിച്ചു. കാര്‍ബണ്‍ ഡയോക്‌സൈഡിനെക്കാള്‍ 80 മടങ്ങ് കൂടുതല്‍ ചൂട് അന്തരീക്ഷത്തില്‍ നിലനിര്‍ത്താന്‍ ശേഷിയുള്ള വാതകമാണ് മീഥെയ്ന്‍.