-->
കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങ് സിപിഐഎം വിരുദ്ധരുടെ ഒത്തുചേരലായിരുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നാണ് രാഗേഷിന്റെ വിശദീകരണം. ചാനലുകള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്നും പാര്‍ട്ടി കുടുംബയോഗങ്ങളിൽ വരവും ചെലവും വിശദീകരിക്കുമെന്നും കെക രാഗേഷ് വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പരിപാടി സംഘടിപ്പിച്ചതിന്റെ ലക്ഷ്യം എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാവുമെന്നും ജോസഫ് സി മാത്യൂ പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ ഏതോ പഴയ സിപിഐഎം നേതാവ് പറയുന്നതുപോലെയാണ് തോന്നിയതെന്നും കെ കെ രാഗേഷ് പരിഹസിച്ചു. ജോസഫ് സി മാത്യൂ തങ്ങളെ ഉപദേശിച്ച് നന്നാക്കാന്‍ വരേണ്ട. അയാളുടെ ഉപദേശം ആവശ്യമില്ല. പാര്‍ട്ടിയെ ഉപദേശിച്ച് നന്നാക്കാന്‍ വേണ്ടി പുറപ്പെട്ട ആര്‍എംപിക്കാര്‍ ഉള്‍പ്പെട്ട സിപിഐഎം വിരുദ്ധരുടെ പരിപാടിയാണ് പയ്യന്നൂരിൽ സംഘടിപ്പിച്ചത്. ഇടതുപക്ഷ ലേബല്‍ അണിയുന്നവര്‍ ആണ് പരിപാടിക്ക് എത്തിയതെന്നും കെ കെ രാഗേഷ് പറഞ്ഞു.
ധന്‍രാജ് രക്തസാക്ഷി ഫണ്ട് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും സഹകരണ ജീവനക്കാരില്‍ നിന്നുമാണ് പിരിച്ചത്. ബഹുജനങ്ങളില്‍ നിന്ന് പിരിച്ചിട്ടില്ല. വരവുചെലവ് കണക്ക് ഏരിയാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. രക്തസാക്ഷി ഫണ്ട് തല്‍ക്കാലം ചെലവഴിച്ചുകാണും. വകമാറ്റി ചെലവഴിച്ചിട്ടില്ല. പാര്‍ട്ടിക്ക് തുക നഷ്ടപ്പെട്ടിട്ടില്ല. പുസ്തകത്തില്‍ പരാമര്‍ശിച്ച കണക്കെല്ലാം തെറ്റാണ്. ജില്ലാകമ്മിറ്റിയുടെ കൈവശം ഉള്ളതാണ് കണക്ക്. പാര്‍ട്ടിയുടെ സകല രേഖകളും കുഞ്ഞികൃഷ്ണന്‍ സൂക്ഷിച്ചുവെച്ചു. ഇത് പാര്‍ട്ടിയോടുള്ള വഞ്ചനയാണെന്നും കെ കെ രാഗേഷ് ആരോപിച്ചു.
ജില്ലാ സെക്രട്ടറി വിചാരിച്ചാല്‍ കണക്ക് മാറ്റി എഴുതാന്‍ കഴിയുമോ? പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരോട് കണക്ക് അവതരിപ്പിക്കും. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങളെ പാര്‍ട്ടിക്ക് അറിയാം. സമയബന്ധിതമായി കണക്ക് അവതരിപ്പിക്കപ്പെട്ടിരുന്നില്ല. അതിനാണ് നടപടിയെടുത്തത്. അത് കുഞ്ഞികൃഷ്ണന് തൃപ്തിയായിരുന്നില്ല. മധുസൂദനനെ ശരിപ്പെടുത്തണം എന്നാണ് ആവശ്യം. 'പകയുടെ കണക്ക് പുസ്തകം' എന്നാണ് പുസ്തകത്തിന് പേരിടേണ്ടിയിരുന്നതെന്നും കെ കെ രാഗേഷ് കടന്നാക്രമിച്ചു.