-->
തെന്നിന്ത്യയിലെ ഒരുപാട് അഭിനേത്രികള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ശ്രീജ രവി. അഭിനേത്രി കൂടിയായ ശ്രീജ രവിയുടെ മകളാണ് രവീണ രവി. നിരവധി ടെലിവിഷൻ പരസ്യങ്ങളിലും തമിഴ്, മലയാളം, തെലുങ്ക് ഭാഷാ സിനിമകളിലും രവീണ ഡബ്ബ് ചെയ്തിട്ടുണ്ട്. ‘ഒരു കിദായ്ൻ കരുണൈ മനു’ എന്ന ചിത്രത്തിലൂടെ അഭിനേത്രിയായും രവീണ അരങ്ങേറ്റം കുറിച്ചിരുന്നു. മികച്ച ഡബ്ബിങ് ആർടിസ്റ്റും നടിയുമായ രവീണ രവി.സോഷ്യല്‍ മീഡിയയിലും സജീവമാണ്. എല്ലാ വിശേഷങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ചെന്നൈ സ്വദേശികളായ ഇരട്ട സഹോദരങ്ങളിൽ നിന്ന് വ്യക്തിഹത്യ നേരിട്ടതായി തുറന്നുപറയുകയാണ്. ശബരീഷ് എന്നയാളും അയാളുടെ ഇരട്ട സഹോദരനും തന്നെയും പ്രിയപ്പെട്ടവരെയും നിരന്തരം വേട്ടയാടുകയാണെന്നും പൊലീസ് പരാതി നൽകിയിട്ടും നിയമപരമായ മുന്നറിയിപ്പുകൾ നൽകിയിട്ടും ഈ പീഡനം തുടരുകയാണെന്നുമാണ് രവീണ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. മൂന്ന് വർഷത്തോളമായി തനിക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെതിരെയാണ് സൈബർ ആക്രമണങ്ങള്‍ നടക്കുന്നതെന്നും താരം കുറിക്കുന്നു. അധിക്ഷേപകരമായ സന്ദേശങ്ങളും കമന്റുകളും അയച്ച് ശല്യപ്പെടുത്തുന്നവരുടെ ചിത്രങ്ങളും വിവരങ്ങളും രവീണ പങ്കുവച്ചിട്ടുണ്ട്.
‘‘സുഹൃത്തുക്കളെ - ഈ വ്യക്തി വർഷങ്ങളായി എന്റെ കസിനെയും അടുത്ത സുഹൃത്തുക്കളെയും ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ അച്ഛന്റെ ജന്മദിന പോസ്റ്റുകളിൽ പോലും ഇയാൾ വന്ന് വളരെ മോശമായ രീതിയിൽ കമന്റുകൾ ഇട്ടു (ഭാഗ്യത്തിന് ഞങ്ങൾക്ക് അത് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കഴിഞ്ഞു....
പൊതു അവബോധത്തിനാണിത്, അവഗണിക്കരുത്... പരസ്യമായ ഒരു അറിയിപ്പ്: ഇനിയും മൗനം പാലിക്കാനാകില്ല...
മൂന്ന് വർഷമായി ഞങ്ങളെ ഉപദ്രവിക്കുന്ന ഒരു സ്റ്റോക്കറിൽ നിന്ന് എന്റെ കുടുംബത്തെയും എന്റെ സുഹൃത്തുക്കളെയും എന്നെയും സംരക്ഷിക്കുന്നതിനാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത്.
പോലീസിൽ പരാതിപ്പെട്ട് മുന്നറിയിപ്പുകൾ നൽകിയാൽ ഇത് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച് ഞാൻ മൗനം പാലിച്ചു. നിർഭാഗ്യവശാൽ, ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോദരനും എന്നെയും എന്റെ കുടുംബത്തെയും എന്റെ സുഹൃത്തുക്കളെയും ഉപദ്രവിക്കുന്നത് തുടരുന്നു.
എന്നെ മാത്രമല്ല, എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ലക്ഷ്യം വച്ചുകൊണ്ട് അതിമ്ലേച്ഛമായ ഭാഷയിലാണ് ഇവർ സന്ദേശങ്ങളും കമന്റുകളും അയയ്ക്കുന്നത്. എന്റെ പേരിൽ ഇത്രയും മാനസിക വിഷമം അനുഭവിക്കേണ്ടി വന്ന എന്റെ സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും എനിക്ക് അഗാധമായ ഖേദമുണ്ട്. ഞങ്ങൾ നിയമപരമായ എല്ലാ വഴികളും തേടിയിട്ടും ഈ പീഡനം അവസാനിക്കുന്നില്ല. നിരവധി വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇയാൾ പ്രവർത്തിക്കുന്നത്. എന്നെ കൂടാതെ മറ്റ് പല വനിതാ അഭിനേതാക്കളെയും പ്രഫഷനലുകളെയും ഇയാൾ ഇത്തരത്തിൽ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ‘നേരത്തെ പരിചയമുള്ളവർ’ എന്നോ ‘വിവാഹം ഉറപ്പിച്ചവർ’ എന്നോ ഉള്ള വ്യാജ കഥകൾ പ്രചരിപ്പിച്ചാണ് ഇയാൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്.
ഇത് പരസ്യമായി പറയേണ്ട സമയമാണിത്.
നിങ്ങളോട് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു:
ഇയാളുടെ പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുക, ഇയാളിൽ നിന്നോ സഹോദരനിൽ നിന്നോ ഉള്ള സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുത്, ജാഗ്രത പാലിക്കുക, അവരുടെ അഭിപ്രായങ്ങളോ സന്ദേശങ്ങളോ പങ്കുവയ്ക്കരുത്.
സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമെന്ന് ചെന്നൈ അറിയപ്പെടുമ്പോൾ, ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും നീതി നടപ്പിലാകുമെന്നും ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും സമാധാനമായി ജീവിക്കാനുള്ള സാഹചര്യം അധികാരികൾ ഉറപ്പുവരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’’ എന്നാണ് രവീണ രവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.