-->
ഉര്‍വ്വശി, രേവതി, ശോഭന എന്നിവരടങ്ങുന്ന മലയാളത്തിന്റെ പ്രിയ അഭിനേത്രികള്‍ വെള്ളിത്തിരയിലെത്തിച്ച മികച്ച കഥാപാത്രങ്ങളുടെ ശബ്ദം പ്രേക്ഷകര്‍ കേട്ടത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയിലൂടെയാണ്. കഥാപാത്രത്തിന്റെ നൊമ്പരത്തിനും സന്തോഷത്തിനും പ്രണയത്തിനുമടക്കം എല്ലാ വികാരങ്ങള്‍ക്കും ഒപ്പം ചലിക്കുന്ന ക്യാമറയ്ക്ക് പിന്നിലെ താരങ്ങളാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍. താരങ്ങളുടെ അഭിനയത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാറുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളില്‍ ഭാഗ്യലക്ഷ്മി മുന്നില്‍ത്തന്നെയാണ്. ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ് ആർട്ടിസ്റ്റിന്റെ ഏറ്റവും കൂടുതൽ ശബ്ദം പ്രേക്ഷകർ കേട്ടത് ശോഭന എന്ന നടിക്ക് വേണ്ടി തന്നെയാണ്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി മാത്രമല്ല അഭിനേത്രിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. ആര്‍ട്ടിസ്റ്റ് എന്നതിനപ്പുറത്തേയ്ക്ക് ആക്ടിവിസ്റ്റായും പലപ്പോഴും താരം വേദികളില്‍ തുറന്നു സംസാരിച്ചിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്കിടയിലും ഒരു പരസ്പര സ്നേഹവും ബഹുമാനവും നിലനില്‍ക്കാറുണ്ടെന്ന് പലപ്പോഴും ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റൊരു പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജയും ഭാഗ്യലക്ഷ്മിയും തമ്മില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോഴിതാ താനും ശ്രീജയും തമ്മിലുള്ള പ്രശ്നം തീര്‍ത്തും വ്യക്തിപരമാണെന്നും രണ്ടു സുഹൃത്തുക്കള്‍ തമ്മിലുള്ള പ്രശ്നമാണെന്നും തുറന്നു പറയുകയാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജയുമായി പ്രശ്നങ്ങളുണ്ടായിരുന്നു രണ്ടുപേരും പരസ്പരം സംസാരിക്കാറില്ലായിരുന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ കേട്ടിരുന്നുവെന്നും അതിനു പിന്നിലെ സത്യമെന്താണെന്നും അവതാരക ചോദിക്കുമ്പോഴാണ് ഭാഗ്യലക്ഷ്മി മനസ്സു തുറന്നത്.
‘‘കേട്ടത് സത്യമാണ്. അതുപക്ഷേ പ്രൊഫഷണല്‍ ഇഷ്യൂവല്ല. അത് രണ്ടു സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വ്യക്തിപരമായ പ്രശ്നമാണ്. അതുകൊണ്ടു തന്നെ ആ പേഴ്സണല്‍ ഇഷ്യൂ ഇവിടെ പറയാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ആ പ്രശ്നം എനിക്കും ശ്രീജയ്ക്കുമല്ലാതെ വേറെ ആര്‍ക്കുമറിയില്ല. ആര്‍ക്കുമെന്നു പറഞ്ഞാല്‍ ആര്‍ക്കുമറിയില്ല. മറ്റു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് പോലുമറിയില്ല.
എനിക്കൊരിക്കലും ശ്രീജ ഒരു കോമ്പറ്റീറ്റര്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ശ്രീജയ്ക്ക് ഒരിക്കലും ഒരു കോമ്പറ്റീറ്റര്‍ അല്ല. ശ്രീജയ്ക്ക് ശ്രീജയുടേതായ സ്വന്തം സ്റ്റൈലും കഴിവുമുള്ള ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്. അമ്പിളി, ശ്രീജ, ഞാന്‍... ഞങ്ങള്‍ മൂന്നു പേരും ഈ രംഗത്ത് ഒന്നിച്ച് കടന്നു വന്നവരാണ്. ഞങ്ങള്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണ്. ചെന്നൈയില്‍ പോകുമ്പോള്‍ അവരുടെ വീട്ടിലും, ഇവിടേക്ക് വരുമ്പോള്‍ എന്റെ വീട്ടിലേക്കും വന്ന് താമസിച്ചിട്ടുണ്ട്. അത്രയും ആഴത്തിലുള്ള ബന്ധമായിരുന്നു.
അങ്ങനെയുള്ള സുഹൃത്ബന്ധത്തിന്റെ ഇടയ്ക്ക് എനിക്കൊരിക്കലും പുറത്തു പറയാന്‍ പറ്റാത്ത രീതിയിലുള്ള ഒരു സംഭവം നടന്നിട്ടുണ്ട്. കംപ്ലീറ്റിലി പേഴ്സണലായതു കൊണ്ട് ഞാനതു പറയുന്നില്ല...’’ ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പറഞ്ഞത്.