-->
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ അപകടത്തില്‍ നടന്‍ മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. അപകടമുണ്ടാക്കിയ നടന്റെ വാഹനവും കണ്ടെത്തി. ഇന്നലെ രാത്രി 9.30 യോടെയാണ് അപകടം നടന്നത്. കെഎല്‍ 1 സി ജെ0004 എന്ന നമ്പറിലുള്ള വെളുത്ത വോള്‍വോകാര്‍ 12 മണിക്കൂറിന് ശേഷം ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിന്റെ പുറകില്‍ നിന്നുമാണ് കണ്ടെത്തിയത്.
ജവഹര്‍നഗര്‍ ഭാഗത്ത് നിന്നുമാണ് വാഹനം കണ്ടെത്തിയത്. ഇന്നലെ അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചുപോയ മണിയന്‍പ്പിള്ളരാജു അത് ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിന് പിന്നില്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പോകുകയായിരുന്നു. അതിന് ശേഷം ഇന്ന് രാവിലെ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. നടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു വൈദ്യപരിശോധനയ്ക്ക് ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. വൈദ്യപരിശോധനയില്‍ ലഹരിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല.
അപകടത്തില്‍പെട്ട യുവാക്കളുടെ മൊഴിയെടുക്കുക എന്നതാണ് പോലീസിന്റെ നടപടി. മണിയന്‍പിള്ളയുടെ വാഹനം വന്നിടിക്കുകയായിരുന്നു എന്നാണ് യുവാക്കള്‍ നേരത്തേ പറഞ്ഞത്. എന്നാല്‍ ബൈക്ക് തന്റെ വാഹനത്തില്‍ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് മണിയന്‍പിളള രാജു നല്‍കിയിരിക്കുന്ന മൊഴി. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചയുണ്ടായതായി ആരോപണമുണ്ട്.
സംഭവത്തില്‍ ദൃക്‌സാക്ഷി മൊഴിയടക്കം പുറത്തുവന്നിട്ടും പ്രതിയെ പിടിച്ചില്ലെന്നും പൊലീസ് നടന് എല്ലാ സഹായവും ചെയ്തുവെന്നുമാണ് ആരോപണം. ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൂരജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി.