Friday, March 13, 2026 Last Updated 50 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 10.54 AM

' അദ്ദേഹത്തിന്റെ അവസാന ചിത്രമാണ്, ആ സിനിമ പുറത്തിറങ്ങണം' ; ജനനായകന്‍ വൈകുന്നതില്‍ വിജയ്ക്ക് പിന്തുണയുമായി ചിമ്പു

vijay, simbu

വിജയ് നായകനാകുന്ന ചിത്രമാണ് ജനനായകന്‍. നടന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുളള അവസാന ചിത്രമാണിത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ചിത്രത്തിന്റെ റിലീസ് നീളുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ചിമ്പു. തമിഴ് മാധ്യമമായ വികടന് നല്‍കിയ അഭിമുഖത്തിലാണ് ചിമ്പു ഇതേക്കുറിച്ച് സംസാരിച്ചത്.

ജനനായകൻ, വിജയ് എന്നിങ്ങനെ രണ്ടായി ഈ വിഷയത്തെ കാണാനാവില്ലെന്നാണ് ചിമ്പു പറഞ്ഞത്. വർഷങ്ങളായി ഇൻഡസ്ട്രിയിലുള്ളയാളാണ് അദ്ദേഹം. അവസാനമായി ഒരു ചിത്രത്തിൽ അഭിനയിച്ചതാണ്. സിനിമ പുറത്തിറങ്ങണം എന്നതുകൊണ്ട് അദ്ദേഹത്തെ പിന്തുണച്ച് നേരത്തേ പോസ്റ്റ് പങ്കുവെച്ചിരുന്നുവെന്നും ചിമ്പു പറഞ്ഞു.

തനിക്ക് രാഷ്ട്രീയം അറിയില്ലെന്നും അതിൽ വലിയ പരിചയമില്ലെന്നും ചിമ്പു പറഞ്ഞു. താൻ അതിനേക്കുറിച്ച് സംസാരിക്കാൻ പറ്റിയ ആളുമല്ല. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന രാഷ്ട്രീയ ശ്രമങ്ങൾക്കും ഭാവിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു- ചിമ്പു പറഞ്ഞു.

സെൻസറിങ് നീളുന്നതുമൂലം ജനനായകന്റെ റിലീസ് ജനുവരി ഒമ്പതിൽ നിന്ന് നീളുന്നതിനെതിരേ വിജയ് യെ പിന്തുണച്ച് നേരത്തേ ചിമ്പു പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘പ്രിയപ്പെട്ട വിജയ് അണ്ണാ, തിരിച്ചടികൾ ഒരിക്കലും നിങ്ങളെ തടഞ്ഞിട്ടില്ല. ഇതിനേക്കാൾ വലിയ കൊടുങ്കാറ്റുകളെ കടന്നിട്ടുണ്ട്. ഇതും കടന്നുപോകും. ജനനായകൻ റിലീസ് ചെയ്യുന്ന ദിവസമായിരിക്കും യഥാർഥ ഉത്സവം.’-എന്നാണ് ചിമ്പു കുറിച്ചത്‌.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകന്‍. കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട് കെ. നാരായണ ആണ് നിര്‍മാണം. ചിത്രത്തിന് ഉടൻ സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനുവരി 28-ന് റദ്ദാക്കുകയും വീണ്ടും വാദം കേൾക്കാനായി സിംഗിൾ ബെഞ്ചിനുതന്നെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാനുള്ള ജസ്റ്റിസ് പി.ടി. ആശയുടെ ഉത്തരവിനെതിരേ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഇതോടെയാണ് ചിത്രം എന്ന് പുറത്തിറങ്ങുമെന്ന കാര്യം അനിശ്ചിതത്വത്തിലായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW