-->
തിരുവനന്തപുരം: വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് സമീപമുണ്ടായ വാഹനാപകടത്തില്‍ നടന്‍ മണിയന്‍പിള്ള രാജു മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഇന്ന് രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം വലിയ സന്നാഹത്തിലായിരുന്നു നടന്‍ സ്‌റ്റേഷനില്‍ ഹാജരായത്. തന്റെ വാഹനം അപകടത്തില്‍ പെട്ടതായി നടന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ സമ്മതിച്ചു. അതേസമയം താന്‍ മദ്യപിച്ചിട്ടില്ലെന്ന് നടന്‍ പറഞ്ഞു. യുവാക്കളുടെ ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നു എന്നും കാന്‍സര്‍രോഗിയാണെന്നും രണ്ടു വര്‍ഷമായി മദ്യപിച്ചിട്ടില്ലെന്നും നടന്‍ പറഞ്ഞു.
അപകടം നടന്ന വിവരം അപ്പോള്‍ തന്നെ ട്രിവാന്‍ഡ്രം ക്ലബ്ബിലെ തന്റെ സുഹൃത്തുക്കളെയും വിളിച്ചു പറഞ്ഞെന്നും താന്‍ പാനിക്കാണെന്നും യുവാക്കളെ ആശുപത്രിയില്‍ എത്തിക്കണമെന്നും പറഞ്ഞതായും പോലീസിനെ വിളിച്ചും വിവരം പറഞ്ഞതായും മണിയന്‍പിള്ളരാജു പറഞ്ഞു.
അതേസമയം അപകടം നടന്ന് 12 മണിക്കൂറിന് ശേഷമാണ് നടന്‍ സ്‌റ്റേഷനില്‍ ഹാജരായത്. ഇത് സംഭവത്തില്‍ പൊലീസിന് വീഴ്ച വന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നടന്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നത് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കുള്ള അവസരം പൊലീസ് നടന് വേണ്ടി നഷ്ടപ്പെടുത്തിയതായിട്ടാണ് ഉയരുന്ന ആരോപണം. നടന്‍ പോലീസിനെ വിളിച്ച് രാവിലെ ഹാജരാകാമെന്ന് അറിച്ചതായിട്ടാണ് വിവരം. ഇത് പോലീസ് സമ്മതിക്കുകയും വൈദ്യപരിശോധനയ്ക്കുള്ള സമയം ദീര്‍ഘിപ്പിച്ചെന്നുമാണ് കരുതുന്നത്.
ഇതിനൊപ്പം അപകടം നടന്നപ്പോള്‍ നടന്‍ ഓടിച്ച ഇടിച്ച വാഹനവും ഇതുവരെ ഹാജരാക്കിയിട്ടില്ല. അതേസമയം നടനെ വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതെല്ലാം മണിയന്‍പിള്ള രാജുവിന് രക്ഷപ്പെടാന്‍ പൊലീസ് സഹായിക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് വരികയായിരുന്ന കാര്‍ വെള്ളയമ്പലത്തുനിന്ന് തമ്പാനൂരേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ശ്രീകണ്‌ഠേശ്വരം സ്വദേശി സൂരജിനും സുഹൃത്ത് നിവേദിനുമാണ് പരുക്കേറ്റത്. കാര്‍ യൂടേണടിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ബൈക്കാണ് യുവാക്കള്‍ ഓടിച്ചിരുന്നത്. ഒരു യുവാവിന് നട്ടെല്ലിനും കൂടെയുണ്ടായിരുന്നയാള്‍ക്ക് കാലിനുമാണ് പരുക്കേറ്റിരിക്കുന്നത്. സൂരജിന് കാലിന് പൊട്ടലുണ്ട്. നിവേദിന്റെ രണ്ട് കാലിന്റേയും അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്.