-->
ആറന്മുള: അഷ്‌ടമിരോഹിണി സമൂഹസദ്യയിലെ വിവാദങ്ങള്‍ക്കും പരാതികള്‍ക്കും പ്രായശ്‌ചിത്ത സദ്യയിലൂടെ താല്‍ക്കാലിക ആശ്വാസം. സദ്യയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പള്ളിയോടക്കരകളെയും ബാധിച്ചിരുന്നു. സമൂഹ സദ്യയില്‍ ആചാരലംഘനം നടന്നിട്ടില്ലെന്നാണ് സംഘാടകരായ പള്ളിയോട സേവാസംഘം പ്രസിഡന്റ് അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. സംസ്‌ഥാനത്തെ രണ്ടു മന്ത്രിമാരുടെ പേരില്‍ക്കൂടി വിവാദം ഉയര്‍ന്നതോടെ ഇതിനു രാഷ്ര്‌ടീയ മാനവും കൈവന്നു. എന്നാല്‍ സംഘത്തിലെ ഒരു വിഭാഗവും ക്ഷേത്രോപദേശക സമതിയും ഇതിനെതിരെ രംഗത്തു വരികയായിരുന്നു.
പരസ്യ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതിനു പുറമെ പള്ളിയോട സേവാസംഘത്തിന്റെ നടത്തിപ്പിനെയും ഇതു ബാധിച്ചിരുന്നു. നിരവധി പരാതികള്‍ കരകളില്‍ നിന്ന് ഉയര്‍ന്നതോടെ പള്ളിയോട സേവാസംഘം പൊതുയോഗം ചേര്‍ന്നെങ്കിലും തീരുമാനം ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് ആചാരലംഘനത്തില്‍ തന്ത്രിയുടെ അഭിപ്രായം ഉപദേശകസമിതി തേടിയത്. ഇതോടെ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചു. തുടര്‍ന്ന് ക്ഷേത്ര എ.ഒ തന്ത്രിക്ക് അപേക്ഷ നല്‍കി. ഇതു പരിഗണിച്ചാണ് അഷ്‌ടമിരോഹിണി സമൂഹസദ്യയില്‍ ആചാരലംഘനം നടന്നെന്നും പരിഹാരം വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചത്. ഇതിനും തുടക്കത്തില്‍ ചില തടസങ്ങള്‍ ഉയര്‍ന്നെങ്കിലും കൂടിയാലോചനയിലൂടെ തന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ പിന്നീട് തീരുമാനമായി. ഇതാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പ്രായശ്‌ചിത്ത സദ്യയോടെ ഇന്നലെ പൂര്‍ത്തിയായത്.
ടി.കെ. സുധീഷ് കുമാര്‍