-->
മൂവാറ്റുപുഴ: മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ അങ്കമാലി-എരുമേലി റെയില്‍ പാത യാഥാര്‍ഥ്യത്തിലേക്ക്. ശബരി പാതയെന്നു നാമകരണം ചെയ്‌തിട്ടുളള പദ്ധതി ആയിരക്കണക്കിന് അയ്യപ്പഭക്‌തന്മാര്‍ക്ക് ആശ്വാസമാകും.
വിവിധ സംസ്‌ഥാനങ്ങളില്‍നിന്ന് റെയില്‍, വ്യോമ മാര്‍ഗം കൊച്ചിയിലെത്തി പുണ്യ പൂങ്കാവനത്തിലേക്കു തിരിക്കുന്ന ഭക്‌തലക്ഷങ്ങള്‍ക്ക് എം.സി. റോഡ് വഴിയുളള യാത്ര പലപ്പോഴും കരിമലകയറ്റത്തെക്കാള്‍ കഠിനമാണ്. മുമ്പ് മണ്ഡലകാലത്തു മാത്രമാണ് ശബരിമലയില്‍ അയ്യപ്പഭക്‌തര്‍ എത്തിയിരുന്നതെങ്കില്‍ ഇന്നത്തെ സ്‌ഥിതി അതല്ല. എല്ലാ മലയാളമാസവും ആദ്യദിവസങ്ങളില്‍ നടതുറക്കുന്നതിനാല്‍ സീസണ്‍ ഇല്ലാതായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന തീര്‍ഥാടകര്‍ക്ക് മികച്ച യാത്രാസൗകര്യം ലഭിക്കുന്നതാകും ശബരി റെയില്‍. ഇതിനു പുറമേ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര, കാര്‍ഷീക, ഗ്രാമീണ മേഖലകളിലുള്ള ആയിരങ്ങളുടെ യാത്രാദുരിതത്തിനും ഇത് അറുതിവരുത്തും.
ഗ്രാമീണ മേഖലകളുടെ വികസനത്തിനു വേഗം കൂടാനും റബര്‍ ഉള്‍പ്പെടെയുളള കാര്‍ഷിക വിളകള്‍ എളുപ്പത്തില്‍ വിപണിയിലെത്തിക്കാനും റെയില്‍ സഹായകമാകും. പൈനാപ്പിള്‍ അടക്കമുളള പഴവര്‍ഗങ്ങള്‍ അന്തര്‍ സംസ്‌ഥാന മാര്‍ക്കറ്റുകളില്‍ കുറഞ്ഞ ചെലവില്‍ എത്തിക്കാനും സാധിക്കും. മഞ്ഞക്കുറ്റിയില്‍ കുരുങ്ങി ഭൂമിയിടപാടുകള്‍ നടത്താനാവാതെ ദുരിതം അനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതും പ്രത്യേകതയാണ്. പദ്ധതിക്കുവേണ്ടി കല്ലിട്ട ഭൂമി ക്രയവിക്രയം ചെയ്യാന്‍ കഴിയാതെ കണ്ണീരോടെ കഴിയുന്നവര്‍ നിരവധിയുണ്ട്.
സംസ്‌ഥാനത്തിന്റെ സ്വപ്‌നപദ്ധതി
ശബരി റെയില്‍പ്പാതയുടെ പകുതി ചെലവ് വഹിക്കാന്‍ തയാറെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ അറിയിപ്പ് ഏറെ ആഹ്ലാദത്തോടെയാണ് പ്രദേശവാസികള്‍ വരവേറ്റത്. സംസ്‌ഥാനത്തിന്റെ ദീര്‍ഘകാല സ്വപ്‌നമാണ് അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതി. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ സംസ്‌ഥാന വിഹിതമായി 1,905 കോടി രൂപ നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. കിഫ്‌ബി മുഖേന തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍
വേഗത്തിലാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
111 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ശബരി പാത 1997 ലെ കേന്ദ്ര റെയില്‍വേ ബജറ്റിലാണു പ്രഖ്യാപിച്ചത്. മൂന്നു പതിറ്റാണ്ട് അടുക്കുമ്പോഴും ആകെ പൂര്‍ത്തിയായത് അങ്കമാലിയില്‍നിന്നു കാലടി വരെ എട്ടു കിലോമീറ്റര്‍ മാത്രമാണ്.
കോട്ടയം ജില്ലയില്‍ ആറു കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍ദിഷ്‌ട രാമപുരം റെയില്‍വേ സ്‌റ്റേഷന്‍ വരെയാണ് ഇതിനായി കല്ലിട്ടിട്ടുളളത്. പിഴക് വരെ റവന്യു-റെയില്‍വേ സംയുക്‌ത സര്‍വേയും പൂര്‍ത്തിയാക്കി. സ്‌ഥലമെടുപ്പ് വിജ്‌ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണു ശബരി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ നിര്‍മിക്കുക. രാമപുരം മുതല്‍ എരുമേലി സ്‌റ്റേഷന്‍ വരെ ഏരിയല്‍ സര്‍വേ മാത്രമാണു നടത്തിയിട്ടുള്ളത്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റോഡില്‍ മേലമ്പാറയിലായിരിക്കും ഈരാറ്റുപേട്ടയില്‍നിന്ന് ഏറ്റവും അടുത്ത സ്‌റ്റേഷന്‍. ഭരണങ്ങാനം തീര്‍ഥാടന കേന്ദ്രത്തിലേക്കും വാഗമണിലേക്കും എത്തുന്നവര്‍ക്ക് ഈ സ്‌റ്റേഷനായിരിക്കും ഏറ്റവും അനുയോജ്യം. ഈരാറ്റുപേട്ട റോഡിലെ ചെമ്മലമറ്റത്തും സ്‌റ്റേഷന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
മൂന്നു ജില്ലകളിലായി ആകെ 14 സ്‌റ്റേഷനുണ്ടാകും. കോട്ടയം ജില്ലയില്‍ എരുമേലി, കാഞ്ഞിരപളളി, ചെമ്മലമറ്റം, ഭരണങ്ങാനം, രാമപുരം എന്നിവയും ഇടുക്കി ജില്ലയില്‍ കരിങ്കുന്നം, തൊടുപുഴ എന്നിവയും എറണാകുളം ജില്ലയില്‍ വാഴക്കുളം, മൂവാറ്റുപുഴ, കോതമംഗലം, ഓടക്കാലി, പെരുമ്പാവൂര്‍, കാലടി, അങ്കമാലി എന്നിവയുമായിരിക്കും സ്‌റ്റേഷനുകള്‍.
സി.എം. ഷാജി