Saturday, March 14, 2026 Last Updated 29 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

ശബരിമല സ്വര്‍ണക്കൊള്ള: നിയമസഭ അടിച്ചുപിരിഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിനെ ചൊല്ലി നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍. ചോദ്യോത്തരവേള ഉള്‍പ്പെടെയുള്ള നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ ഇടക്കാലത്തേക്ക്‌ പിരിഞ്ഞു.
കേസിലെ പ്രതികളെ ഒന്നിച്ചിറക്കി തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കുകയാണെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി അടക്കമുള്ളവര്‍ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുകയാണെന്നും എസ്‌.ഐ.ടി. അന്വേഷണത്തില്‍ ജനങ്ങള്‍ക്ക്‌ തൃപ്‌തിയില്ലെന്നും പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ സഭയില്‍ പറഞ്ഞു.
സമരം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പോറ്റി ചെന്ന ഇടങ്ങളില്‍ അന്വേഷണം എത്തുമെന്ന ഭയമാണ്‌ കോണ്‍ഗ്രസിനെന്ന്‌ ഭരണപക്ഷം തിരിച്ചടിച്ചു. മന്ത്രിയായ വി.എന്‍. വാസവന്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയതോടെ ശക്‌തമായ ബഹളം അരങ്ങേറി. ഇതേത്തുടര്‍ന്ന്‌ സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ ചോദ്യോത്തരവേള റദ്ദാക്കി.
സഭ തുടങ്ങുമ്പോള്‍ അകത്തെ പ്രതിഷേധമായിരുന്നു പതിവെങ്കില്‍, ഇന്നലെ പ്രതിപക്ഷം പ്രതിഷേധ ശൈലി മാറ്റി. സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാര്‍ പങ്ക്‌ ആരോപിക്കുന്ന പാരഡിപ്പാട്ടുകളും ബാനറുകളും ഫോട്ടോകളുമായി ചോദ്യോത്തരവേളക്ക്‌ മുമ്പ്‌ തന്നെ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ അണിനിരന്നു.
പിന്നാലെ സത്യാഗ്രഹത്തിലിരുന്ന എം.എല്‍.എമാരെയും കൂട്ടി സഭയ്‌ക്കകത്ത്‌ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം സഭയില്‍ ഉയര്‍ത്തിയ ബാനറുകള്‍ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡന്മാര്‍ ബലമായി പിടിച്ചുമാറ്റിയതായി പ്രതിപക്ഷം ആരോപിച്ചു. ബാനര്‍ തിരികെ വാങ്ങാനാണ്‌ എം.എല്‍.എമാര്‍ ഡയസിലേക്ക്‌ കയറിയതെന്നും, മര്‍ദനം നടന്നിട്ടില്ലെന്നും സതീശന്‍ വിശദീകരിച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയിലെത്തിയ പ്രതിപക്ഷം ഇന്നലെ സഭയുടെ നടുത്തളത്തിലിരുന്ന്‌ മുദ്രാവാക്യം വിളിച്ചു. ഇതോടെ മറ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി 51 മിനിറ്റിനുള്ളില്‍ സ്‌പീക്കര്‍ സഭാ നടപടികള്‍ അവസാനിപ്പിച്ചു.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തില്‍ ഭരണപക്ഷാംഗങ്ങള്‍ പ്രകോപിതരാകുകയും, പ്രതിപക്ഷത്തിനെതിരേ ഭരണനിരയും മുദ്രാവാക്യം വിളിച്ചു. പ്ലക്കാര്‍ഡുകളുമുയര്‍ത്തി. സോണിയാ ഗാന്ധിക്കൊപ്പംപോറ്റി നില്‍ക്കുന്ന ചിത്രവും ഭരണപക്ഷ നേതാക്കളുടെ കൈയിലുണ്ടായിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സംസ്‌ഥാനത്തെ ജനങ്ങള്‍ക്ക്‌ ഉത്‌കണ്‌ഠയുണ്ടെന്നും പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും സതീശന്‍ പറഞ്ഞു. ഇങ്ങനെ മുന്നോട്ടുപോയാല്‍ കേസ്‌ തന്നെ മുങ്ങിപ്പോകുമെന്നും സി.പി.എമ്മിന്റെ പ്രധാന നേതാക്കള്‍ ജയിലില്‍ പോകുമെന്ന ഭയം കൊണ്ടാണ്‌ സര്‍ക്കാര്‍ കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം മന്ത്രിമാര്‍ കൂട്ടത്തോടെ പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചിരുന്നുവെങ്കിലും, ഇന്നലെ മന്ത്രി എം. ബി. രാജേഷ്‌ മാത്രമാണ്‌ സതീശനെതിരേ രംഗത്തെത്തിയത്‌. നിയമസഭാ സമ്മേളനം ഇടക്കാലത്തേക്ക്‌ പിരിഞ്ഞെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ഇരുമുന്നണികള്‍ക്കും രാഷ്‌ട്രീയ ആയുധമായി ശബരിമല വിഷയം കൂടുതല്‍ ശക്‌തമാകുമെന്നാണു സൂചന.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW