-->
ഇന്ത്യന്‍ സിനിമകളെ പാന്‍ ഇന്ത്യന്‍ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുത്തിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനാണ് എസ്.എസ്. രാജമൗലി. മഗധീര, ബാഹുബലി, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങളുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് ‘വാരണാസി’.
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു നായകനായി എത്തുന്ന ഈ സിനിമയില്‍ പ്രതിനായക വേഷത്തിലെത്തുന്നത് മലയാളികളുടെ സ്വന്തം പൃഥ്വിരാജ് സുകുമാരനാണ്. നായിക വേഷത്തിലെത്തുന്നത് ഗ്ലോബല്‍ താരം പ്രിയങ്ക ചോപ്ര ജൊനാസാണ്. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ സിനിമയില്‍ പ്രിയങ്ക അഭിനയിക്കുന്നു എന്നുള്ളതും ഈ സിനിമയുടെ പ്രത്യേകതയാണ്. അതുകൊണ്ടൊക്കെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാരണാസി.
ഇപ്പോഴിതാ വാരണാസി സിനിമയുടെ ഷൂട്ടിനിടയിലെ കെനിയ ഷെഡ്യൂളിലെ രസകരമായ കഥകള്‍ പങ്കിടുകയാണ് പ്രിയങ്ക ചോപ്ര ജൊനാസ്. കെനിയയുടെ വന്യതയ്ക്കിടയിലുള്ള ചിത്രീകരണം ‘ദി ലയൺ കിംഗ്’ എന്ന ചിത്രത്തിലെ ഒരു നാടകീയ നിമിഷത്തിന് സമാനമാണെന്നാണ് പ്രിയങ്ക പങ്കിട്ടത്.
‘‘ദി ലയൺ കിംഗ്’ എന്ന ചിത്രത്തിൽ മുഫാസ മരിച്ചപ്പോൾ കേള്‍ക്കുന്ന വൈൽഡ്‌ബീസ്റ്റിന്റെ ശബ്ദം നിങ്ങൾക്ക് ഓർമ്മയുണ്ടോ? ശരിക്കും അത്തരം വൈല്‍ഡ് ബീസ്റ്റുകള്‍ ഞങ്ങളുടെ ചുറ്റുപാടും ഉണ്ടായിരുന്നു. കെനിയയിലെ ‘വാരണാസി’യുടെ ചിത്രീകരണം യഥാർത്ഥ കാട്ടുമൃഗങ്ങളുടെ കുടിയേറ്റ സീസണുമായി ബന്ധപ്പെടുത്തിയാണ് രാജമൗലി സര്‍ ചെയ്തത്. സര്‍ അത് ആധികാരികമായി പകർത്താൻ ആഗ്രഹിച്ചു. അതാണ് അദ്ദേഹത്തിന് വേണ്ടിയിരുന്നത്.
അതുകൊണ്ട് മൃഗങ്ങൾ ദേശാടനം ആരംഭിക്കാത്തതിനാൽ ഞങ്ങൾ ഞങ്ങളുടെ ഷൂട്ടിംഗ് മാറ്റിക്കൊണ്ടിരുന്നു. അവയുടെ ദേശാടന പ്രക്രിയ ആരംഭിച്ചയുടനെ, മുഴുവൻ സംഘവും ഷൂട്ടിംഗ് ഷിഫ്റ്റ് ചെയ്ത്, അവരുടെ പിറകേ അവിടെ പോയി ചിത്രീകരിച്ചു. എങ്കിലും സുരക്ഷയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഞങ്ങൾക്ക് ചുറ്റും റേഞ്ചർമാർ ഉണ്ടായിരുന്നു, പക്ഷേ ഞങ്ങളുടെ ഫ്രെയിമുകൾ വളരെ വീതിയുള്ളതും ഫ്രെയിമിന് പുറത്തുള്ളതുമായിരുന്നു...’’ പ്രിയങ്ക പറഞ്ഞു.
ഷെഡ്യൂളിനിടെ അവർ ആനകളെ കാണാനിടയായതിനെക്കുറിച്ച് മഹേഷ് ബാബുവും കൂട്ടിച്ചേർത്തു. ‘‘ഒരു ആന കുടുംബം അവിടെ പോകുന്നു. ദൈവമേ, ഞങ്ങൾ അവരെ പിന്തുടർന്നുകൊണ്ടിരുന്നു...’’ മഹേഷ് ബാബു പറഞ്ഞു.
കാട്ടാനകള്‍ ഫ്രെയിമിന്റെ ഭാഗമായിരുന്നുവെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു. ‘‘ആനകൾ എവിടെ പോയാലും, അവ ഞങ്ങളുടെ പശ്ചാത്തലത്തിൽ ആയിരിക്കണം. പരസ്പരം കളിയാക്കി സംസാരിക്കുന്നത് പോലെയാണ് ഞങ്ങൾ ഈ രംഗം ചെയ്യേണ്ടിയിരുന്നത്, ആ സമയം ഞങ്ങളുടെ തൊട്ടുപിന്നിൽ ആനകളുടെ കുടുംബം ഉണ്ടായിരുന്നു, അതും യഥാർത്ഥ ആനകള്‍. കെനിയ സർക്കാർ ശരിക്കും ഞങ്ങളെ സഹായിച്ചു, ഇതുവരെ ഒരിക്കലും അങ്ങനെ ചിത്രീകരിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു...’’ പ്രിയങ്ക ചോപ്ര ജൊനാസ് പറഞ്ഞു.