-->
അമേരിക്കൻ ദിനപത്രമായ വാഷിങ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടലിനെ തുടർന്ന് നിരവധി മാധ്യമപ്രവർത്തകർക്ക് ജോലി നഷ്ടമായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. കൂട്ട പിരിച്ചുവിടലിന്റെ ഭാഗമായി സ്പോർട്സ് വിഭാഗം പൂർണമായും നിർത്തലാക്കിയ സ്ഥാപനം വിദേശത്തെ പല ഓഫീസുകളും അടച്ചുപൂട്ടി. കമ്പനി പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കൂട്ടപ്പിരിച്ചുവിടൽ എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മൂന്നൂറിലധികം പേർക്ക് ജോലി നഷ്ടമായെന്ന കണക്കുകളാണ് പുറത്തു വരുന്നത്.
ഇപ്പോഴിതാ തനിക്കും അക്കൂട്ടത്തില്‍ ജോലി നഷ്ടമായെന്ന് കുറിക്കുകയാണ് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍. കോൺഗ്രസ് എംപി ശശി തരൂരിന്റെ മകനും മുതിർന്ന അന്താരാഷ്ട്ര കാര്യ കോളമിസ്റ്റുമായ ഇഷാൻ തരൂര്‍ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുന്നത്..
‘‘ഇന്ന് വാഷിംഗ്ടൺ പോസ്റ്റിൽ നിന്ന് എന്നെ പിരിച്ചുവിട്ടിരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള മിക്ക ജീവനക്കാരെയും, മറ്റ് നിരവധി അത്ഭുതകരമായ സഹപ്രവർത്തകരെയും പിരിച്ചുവിട്ടിരിക്കുന്നു. അത്ഭുതകരമായ സഹപ്രവർത്തകരെയും കൂടാതെ. ഞങ്ങളുടെ ന്യൂസ് റൂമിനെ ഓർത്ത്, പ്രത്യേകിച്ച് പോസ്റ്റിനെ അന്താരാഷ്ട്രതലത്തിൽ സേവിച്ച സമാനതകളില്ലാത്ത പത്രപ്രവർത്തകരെ ഓർത്ത് എനിക്ക് ഹൃദയം തകർന്നിരിക്കുന്നു. ഏകദേശം 12 വർഷമായി എന്റെ സുഹൃത്തുക്കളും സഹകാരികളുമായ എഡിറ്റർമാരെയും ലേഖകരെയും ഓർത്ത് ഞാൻ ഹൃദയം തകർന്നിരിക്കുന്നു. അവരോടൊപ്പം പ്രവർത്തിക്കുന്നത് ഒരു ബഹുമതിയായി കരുതുന്നു.
ലോകത്തെയും അതിൽ അമേരിക്കയുടെ സ്ഥാനത്തെയും കുറിച്ച് വായനക്കാർക്ക് നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നതിനായി 2017 ജനുവരിയിൽ ഞാൻ വേൾഡ് വ്യൂ കോളം ആരംഭിച്ചു. വർഷങ്ങളായി ആഴ്ചയിൽ പലതവണ കോളം വായിച്ച അര ദശലക്ഷം വിശ്വസ്തരായ സബ്‌സ്‌ക്രൈബർമാർക്ക് ഞാൻ നന്ദിയുള്ളവനാണ്...’’ എന്നാണ് ഇഷാന്‍ തരൂര്‍ എക്സില്‍ കുറിച്ചിരിക്കുന്നത്. വാഷിങ്ടൺ പോസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നാണിതെന്നാണ് റിപ്പോർട്ട്.
I have been laid off today from the @washingtonpost, along with most of the International staff and so many other wonderful colleagues. I’m heartbroken for our newsroom and especially for the peerless journalists who served the Post internationally — editors and correspondents…— Ishaan Tharoor (@ishaantharoor) February 4, 2026
കമ്പനി വലിയ രീതിയിൽ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടൽ നടപടിയെന്നാണ് വാഷിങ്ടൺ പോസ്റ്റിന്റെ വിശദീകരണം. മൂന്നുറിലധികം ജീവനക്കാർക്ക് ജോലി നഷ്ടമായെന്നാണ് റിപ്പോർട്ട്. ഇതിൽ മിഡിൽ ഈസ്റ്റ് ലേഖകരും എഡിറ്റർമാരും ഉൾപ്പെടുന്നു. സ്പോർട്സ് വിഭാഗം പൂർണമായും ഒഴിവാക്കിയതിനും വിദേശത്തെ ഓഫീസുകളുടെ പ്രവർത്തനം കുറച്ചതിനും പുറമേ, പുസ്തകങ്ങളെക്കുറിച്ചുള്ള വാർത്തകളും നിർത്തിയിട്ടുണ്ട്. കൂട്ടപ്പിരിച്ചുവിടൽ പത്രത്തിന്റെ ലോകമെമ്പാടുമുള്ള റിപ്പോർട്ടിങ് ശേഷിയെ സാരമായി ബാധിച്ചിട്ടുണ്ട്.