-->
തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. തമിഴ് നടി സായ് ധൻസിക ആണ് വിശാലിന്റെ വധു. ഇരുവരുടെയും വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നെങ്കിലും വിവാഹത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ട് വിവാഹം വൈകുന്നുവെന്നതിന് മറുപടി നൽകുകയാണ് ധൻസിക.
'നടികർ സംഘം ബിൽഡിങ് പണി പൂർത്തിയായശേഷമാകും വിവാഹം. അതിനാൽ വിവാഹ തീയതി പറയാൻ കഴിയില്ല. ആ കെട്ടിടം പൂർത്തീകരിക്കണം എന്നത് വിശാലിന്റെ സ്വപ്നമാണ്. അഞ്ച് വർഷമായി ആ സ്വപ്നവും വെച്ച് ഒരു മനുഷ്യൻ ജീവിച്ച് വരികയല്ലേ. അതിനെ തടുക്കാൻ ആർക്കെങ്കിലും കഴിയുമോ?', ധൻസികയുടെ വാക്കുകൾ. തങ്ങൾക്കിടയിലെ പ്രായവ്യത്യാസത്തെക്കുറിച്ചും നടി മനസുതുറന്നു. 'പത്ത് വയസ് പ്രായ വ്യത്യാസം എന്നതൊന്നും വലിയ കാര്യമല്ല. ഞാൻ മെച്വേർഡായ ഒരാളാണ്. എനിക്ക് വേണ്ടതും മെച്വേർഡായ ഒരു പങ്കാളിയെയാണ്. അതിനാൽ തന്നെ പ്രായ വ്യത്യാസത്തിന് ഞാൻ വലിയ പ്രാധാന്യം കൊടുക്കുന്നില്ല. അണ്ടർസ്റ്റാന്റിങും സ്നേഹവും ഉണ്ടായാൽ മതി. അത് ഞങ്ങൾക്കിടയിലുണ്ട്. വിശാൽ ജീവിതത്തിൽ വന്നശേഷം എന്നിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്'.
നടി കേന്ദ്ര കഥാപത്രമായി എത്തുന്ന പുതിയ ചിത്രമായ 'യോഗി ഡാ'യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചത്. 47-ാം വയസിലാണ് നടന്റെ വിവാഹമെന്നത് ശ്രദ്ധേയമാണ്. സായ് ധൻസികയും നടനും തമ്മിൽ ഏറെ നാളായി സൗഹൃദത്തിൽ ആയിരുന്നു. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സായ് ധൻസിക. ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം 'സോളോ'യിൽ ഒരു നായികയായി ധൻഷിക മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
സുന്ദർ സി സിനിമയായ പുരുഷൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വിശാൽ ചിത്രം. തമന്ന, യോഗി ബാബു എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ഒരു കോമഡി ആക്ഷൻ സിനിമയാകും പുരുഷൻ എന്ന സൂചനയാണ് പ്രൊമോ നൽകുന്നത്. പതിവ് സുന്ദർ സി എലെമെന്റുകൾ എല്ലാം ഈ സിനിമയിലും ഉണ്ടാകുമെന്നും ചിത്രം ഉറപ്പ് നൽകുന്നു. ഹിപ്പ് ഹോപ്പ് തമിഴ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. എ. സി. എസ്. അരുൺ കുമാർ ആണ് സിനിമ നിർമിക്കുന്നത്.