-->
ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വ്യവസായി ആണ് ബോച്ചെ എന്ന ബോബി ചെമ്മണ്ണൂര്‍. മറ്റു വ്യവസായികളില്‍ നിന്ന് ബോചെയെ വ്യത്യസ്തനാക്കുന്നത് വസ്ത്ര രീതിയും സംസാരവും പെരുമാറ്റവുമാണ്. തന്റെ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പുറമെ മറ്റു സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനും ബോചെ പോകുന്നത് പതിവാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള വ്യക്തി കൂടിയാണ് ബോബി ചെമ്മണ്ണൂര്‍. തനിക്കു പറയാനുള്ളതൊക്കെ ബോചെ അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ താനെടുത്ത ചില കടുത്ത തീരുമാനങ്ങള്‍ പങ്കിടുകയാണ് ബോബി ചെമ്മണ്ണൂര്‍. ഉദ്ഘാടനങ്ങള്‍ക്ക് പോകുന്നത് താല്‍ക്കാലികമായി നിര്‍ത്തി എന്നാണ് ബോബി ചെമ്മണ്ണൂര്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. പലരുടെയും ക്ഷണം ലഭിച്ചിട്ടും തിരക്ക് കാരണം എത്താന്‍ സാധിക്കാത്തത് പ്രയാസമുണ്ടാക്കി. ചിലര്‍ക്ക് സമയ നഷ്ടവും സാമ്പത്തിക നഷ്ടവും വരാന്‍ ഇതിടയാക്കുന്നുണ്ട്. ഈ കാരണത്താലാണ് ഉദ്ഘാടനത്തിന് പോകേണ്ടതില്ല എന്ന് തീരുമാനിച്ചത് എന്ന് ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
‘‘ഞാന്‍ ഉദ്ഘാടനങ്ങള്‍ക്ക് പോകുന്നത് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ചാരിറ്റിയും സമാനമായ കാര്യങ്ങള്‍ക്കുമുള്ള ചടങ്ങുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പോകുന്നത്. ഒരേ സമയം ഒരുപാട് വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്ക് ക്ഷണിക്കുമ്പോള്‍ തിരക്കും മടിയും കാരണം പല സ്ഥലത്തും സമയത്ത് എത്താന്‍ സാധിക്കുന്നില്ല. ചില ഉദ്ഘാടനത്തിന് മാത്രം പോകുന്നത് ചൂണ്ടിക്കാണിച്ച് പലരും വിഷമം പങ്കിട്ടു. ഞങ്ങള്‍ വിളിക്കുമ്പോള്‍ എന്താ വരാത്തത് എന്ന്. അവരെ സംബന്ധിച്ച് അവര്‍ വിളിച്ചപ്പോള്‍ പോയില്ല, മറ്റുള്ളതിന് പോകുന്നു എന്നുള്ളതാണ്.
പലരുടെയും ക്ഷണം ലഭിച്ചിട്ടും തിരക്ക് കാരണം എത്താന്‍ സാധിക്കാത്തതാണ് കാരണം. അടുത്തിടെ ഒരു ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചെങ്കിലും എത്തിപ്പെടാന്‍ പറ്റിയില്ല. ആ കടയുടമ വലിയ പ്രചാരണം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് മാനസികമായും സാമ്പത്തികമായും വലിയ നഷ്ടമുണ്ടായി. ഇക്കാര്യം അറിഞ്ഞപ്പോള്‍ എനിക്കും പ്രയാസമുണ്ടായി. ഈ കാരണങ്ങളാണ് വ്യാപാരസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പോകേണ്ടതില്ല എന്ന് തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
നൂറു കണക്കിന് ഉദ്ഘാടനങ്ങള്‍ ചെയ്യാനും അതുവഴി കിട്ടിയ പ്രതിഫലങ്ങള്‍ ബോചെ ഫാന്‍സ് ചാരിറ്റി ട്രസ്റ്റിലൂടെ പാവപ്പെട്ടവര്‍ക്ക് നല്‍കാനും സാധിച്ചിട്ടുണ്ട്. ഈ അവസരങ്ങള്‍ എനിക്കു തന്ന എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. ഉദ്ഘാടനത്തിന് വിളിക്കാന്‍ പരസ്യപ്പെടുത്തിയ മൊബൈല്‍ നമ്പര്‍ ഇനി നിലവില്‍ ഉണ്ടായിരിക്കുന്നതല്ല. നിങ്ങള്‍ വിളിക്കുമ്പോള്‍ എനിക്ക് വരാന്‍ സാധിക്കില്ല എന്നു പറയാന്‍ ബുദ്ധിമുട്ടുണ്ട്. കേള്‍ക്കുന്ന നിങ്ങള്‍ക്കും വിഷമമാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാനും വീഡിയോ പങ്കിടാനുമുള്ള കാരണം...’’ എന്നാണ് ബോബി ചെമ്മണ്ണൂര്‍ വീഡിയോയില്‍ പറയുന്നത്. ഒപ്പം ‘നിര്‍ത്തി മാപ്പ്’ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ വീഡിയോയില്‍ ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. നല്ല തീരുമാനം എന്നാണ് ഈ വീഡിയോക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ പരിഹസിച്ചും കമന്റ് ചെയ്തിട്ടുണ്ട്.
തൊടുപുഴയില്‍ ഫെബ്രുവരി ഒമ്പതിന് ജീവകാരുണ്യ സംഘടന നടത്തുന്ന വോളിബോള്‍ ടൂര്‍ണമെന്റ് ഉദ്ഘടാനം ചെയ്യാന്‍ എത്തുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിട്ടുണ്ട്. സന്നദ്ധ സേവന രംഗത്ത് ബോബി നടത്തുന്ന ഇടപെടല്‍ എപ്പോഴും ബോചെയെ വേറിട്ടു നിര്‍ത്താറുണ്ട്. സൗദിയില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശിയെ യുവാവിനെ സഹായിക്കാന്‍ 35 കോടിയോളം സമാഹരിച്ച ബോബിയുടെ നടപടി പ്രശംസ പിടിച്ചു പറ്റിയിരുന്നു.