-->
ന്യൂഡൽഹി: ആധാർ സേവനങ്ങൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ പുതിയ 'ആധാർ' ആപ്പ് (Aadhaar App) പൂർണ്ണതോതിൽ പ്രവർത്തനസജ്ജമായി. കേന്ദ്ര വ്യവസായ, ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രി ജിതിൻ പ്രസാദ പുതിയ ആധാർ ആപ്പ് രാജ്യത്തിന് സമർപ്പിച്ചു. ആധാർ സേവനങ്ങൾ കൂടുതൽ സുരക്ഷിതവും ലളിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനങ്ങൾക്ക് ശേഷം ഇപ്പോൾ പൊതുജനങ്ങൾക്ക് ആപ്പ് സ്റ്റോറുകളിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. ഇതോടെ നിലവിലുണ്ടായിരുന്ന 'എം-ആധാർ' (m-Aadhaar) ആപ്പിന്റെ സേവനം നിർത്തലാക്കും.
പുതിയ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത 'ഫെയ്സ് ഒതന്റിക്കേഷൻ' ആണ്. ഒടിപി (OTP) കാത്തുനിൽക്കാതെ തന്നെ ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ഉടമയുടെ മുഖം സ്കാൻ ചെയ്ത് തിരിച്ചറിയൽ ഉറപ്പാക്കാം. ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും മറ്റും തിരിച്ചറിയൽ രേഖയുടെ ഫോട്ടോകോപ്പി നൽകുന്നതിന് പകരം ക്യുആർ കോഡ് സ്കാൻ ചെയ്ത് സുരക്ഷിതമായി വിവരങ്ങൾ കൈമാറാൻ ഇതിലൂടെ സാധിക്കും.