-->
കൊച്ചി : കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യയ്ക്കുപിന്നില്‍ ദുബായിയിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച യു.എ.ഇ. അന്വേഷണമെന്നു സൂചന. റോയിയുടെ ചില രേഖകളെപ്പറ്റി ദുബായ് അധികൃതര്‍ കേന്ദ്ര ധനമന്ത്രാലയത്തോടു വിവരങ്ങള്‍ ചോദിച്ചിരുന്നുവെന്നും ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആദായനികുതി വകുപ്പിന്റെ സഹായം തേടിയെന്നും വിവരം.
ദുബായിയില്‍ നിക്ഷേപിച്ച പണത്തിന്റെ ഉറവിടത്തെപ്പറ്റിയുള്ള വിവരങ്ങളാണ് ദുബായ് അധികൃതര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടത്. ദുബായിയില്‍ വാറ്റ് നികുതിപിരിവും ഹവാല തടയുന്നതിനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്ത്യയും യു.എ.ഇയുമായുള്ള കരാര്‍ പ്രകാരം കുറ്റവാളികളെപ്പറ്റിയുള്ള വിവരങ്ങള്‍ പരസ്പരം കൈമാറണം. ഇതു പ്രകാരമാണു കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിക്ഷേപത്തിന്റെ ഉറവിടം ദുബായ് ആവശ്യപ്പെട്ടത്.
തൃപ്തികരമായ രേഖകള്‍ ഹാജരാക്കാനാകാതെ റോയി വഴുതി മാറിയതോടെ പലതവണ ആദായനികുതി ഉദ്യോഗസ്ഥര്‍ സമീപിച്ചതായാണു വിവരം. ആദായ നികുതി വകുപ്പിന്റെ നടപടികള്‍ക്കെതിരേ നല്‍കിയ ഹര്‍ജി റോയ് രണ്ടു ദിവസത്തിനുശേഷം പിന്‍വലിക്കുകയുംചെയ്തു. വിശദവാദത്തിനുമുമ്പേ ഹര്‍ജി പിന്‍വലിച്ചത് എന്തിനാണെന്നു വ്യക്തമല്ല. റെയ്ഡിന്റെ യഥാര്‍ഥ കാരണം വ്യക്തമായതോടെയാണു ഹര്‍ജി പിന്‍വലിച്ചതെന്നാണു സൂചന. ഹര്‍ജി പിന്‍വലിച്ചതോടെ കേസ് കോടതി തീര്‍പ്പാക്കി.
കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനെതിരേയായിരുന്നു ഹര്‍ജി. റെയ്ഡ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ക്കു ബംഗളുരുവില്‍ റെയ്ഡിന് അധികാരമില്ലെന്നും രേഖകള്‍ പിടിച്ചെടുത്തത് അനധികൃതമാണെന്നുമായിരുന്നു വാദം. ബംഗളുരു ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവരം ചോരാതിരിക്കാന്‍ കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥരാണു അന്വേഷിച്ചത്.
ഇന്ത്യയില്‍നിന്നുള്ള പണം ഉപയോഗിച്ചാണു ദുബായിയില്‍ നിക്ഷേപം നടത്തിയതെന്നാണു റോയ് ദുബായ് അധികൃതരെ അറിയിച്ചതെന്നാണു വിവരം. അത്രയും പണം കൊണ്ടുവന്നതിന്റെ ബാങ്ക് ഇടപാട് രേഖകളാണ് ഐടി വകുപ്പ് ആവശ്യപ്പെട്ടത്.
റോയ് ജീവനൊടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ കുറിപ്പ്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയാറാക്കിയ കുറിപ്പില്‍ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സൂചനയുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മര്‍ദങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. കുറിപ്പ് ലഭിച്ചതിനു പിന്നാലെയാണോ കൊച്ചിയില്‍ ഇന്നു വിളിച്ച വാര്‍ത്താസമ്മേളനം കുടുംബം നീട്ടിവച്ചതെന്നു വ്യക്തമല്ല.
-ജെബി പോള്‍