-->
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രമാണ് ആവേശം. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രംഗ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹിപ്സ്റ്റര്‍, മിഥുന്‍ രാജ് ശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ആവേശത്തിലെ ഒരു പ്രധാന വേഷം ചെയ്യാന്‍ അവസരം ലഭിച്ചിട്ട് അത് പാഴാക്കിയതിന്റെ ദുഃഖം തുറന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ അഖില്‍ എന്‍ ആര്‍ ഡി.
'ആവേശം എന്ന സിനിമ ഞാൻ നഷ്ടപ്പെടുത്തിയത് വലിയൊരു ചാൻസ് ആണ്. അത് എന്റെ അറിവില്ലായ്മ കൊണ്ടാണ് എന്റെ കയ്യിൽ നിന്ന് വലിയ പടം നഷ്ടമായത്. അത് തിയേറ്ററിൽ കണ്ട ശേഷം ഭയങ്കര സങ്കടമായി പോയി. നഷ്ടപ്പെടുത്തിയത് വലിയൊരു ചാൻസ് ആണല്ലോ എന്നോർത്തിട്ട്. പിന്നീട് ഞാൻ കുറേ സംവിധായകർക്ക് മെസ്സേജ് അയച്ചിരുന്നു. അവസാനം ജൂഡ് ഏട്ടൻ ആണ് എന്നെ ഈ ആശകൾ ആയിരം എന്ന സിനിമയിലേക്ക് വിളിക്കുന്നത്,' അഖിൽ പറഞ്ഞു.
അതേസമയം, ജയറാമും കാളിദാസ് ജയറാമും ഒന്നിച്ചെത്തുന്ന ചിത്രമാണ് ആശകള്‍ ആയിരം. വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനികള്‍ ഒരുക്കിയ ജി പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ അഖില്‍ എന്‍ ആര്‍ ഡിയും എത്തുന്നുണ്ട്. ഫെബ്രുവരി ആറിന് സിനിമ റിലീസ് ചെയ്യും.