-->
ഡിഎന്‍എ ടെസ്റ്റിലൂടെ കുഞ്ഞ് തങ്ങളുടേതല്ല എന്ന് തിരിച്ചറിഞ്ഞ ദമ്പതികള്‍ ചികിത്സിച്ച ഐവിഎഫ് ക്ലിനിക്കിനെതിരെ പരാതിയുമായി രംഗത്ത്. ഡിഎന്‍എ പരിശോധന പ്രകാരം കുട്ടിക്ക് ദമ്പതികളില്‍ രണ്ടുപേരുമായും ഒരു ബന്ധവും ഇല്ല എന്നാണ് തെളിഞ്ഞത്. ടിഫാനി സ്‌കോര്‍ ഭര്‍ത്താവായ സ്റ്റീവന്‍ മില്‍സ് എന്നിവരാണ് ക്ലിനിക്കിനെതിരെ കേസുമായി മുന്നോട്ട് വന്നിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ ഫ്‌ലോറിഡയിലെ ലോങ്‌വുഡിലെ ഒര്‍ലാന്‍ഡോയിലെ ഫെര്‍ട്ടിലിറ്റി സെന്ററില്‍ ചികിത്സയ്ക്കായി എത്തിയത്. അവരുടെ ചികിത്സയില്‍ പങ്കാളിയായിരുന്ന മില്‍ട്ടണ്‍ മക്‌നിക്കോളിനെതിരെയും അവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഐവിഎഫ് ചികിത്സയിലൂടെ ഈ ദമ്പതികള്‍ അതിജീവന ശേഷിയുള്ള മൂന്ന് ഭ്രൂണങ്ങള്‍ ഉത്പാദിപ്പിക്കുകയും അവ മരവിപ്പിച്ചു സൂക്ഷിക്കുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍, സ്‌കോര്‍ ആ ഭ്രൂണങ്ങളില്‍ ഒന്നാണെന്ന് അവര്‍ വിശ്വസിച്ച ഒരു ഭ്രൂണം ഇംപ്ലാന്റ് ചെയ്തു. ആദ്യമായി മാതാപിതാക്കളാകുന്ന പലരെയും പോലെ, അവരും തങ്ങളുടെ കുഞ്ഞിന്റെ വരവിനായി തയ്യാറെടുക്കുകയും ഡിസംബര്‍ 11 ന് ഒരു മകളെ സ്വാഗതം ചെയ്യുകയും ചെയ്തു. ഷിയ സ്‌കോര്‍ മില്‍സ് എന്ന് അവള്‍ക്ക് പേരും നല്‍കി. എന്നാല്‍, ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. കുഞ്ഞ് തങ്ങളെ ഇരുവരെയും പോലെ അല്ല എന്ന് അവര്‍ക്ക് തോന്നിത്തുടങ്ങി. അങ്ങനെയാണ് അവര്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തീരുമാനിക്കുന്നത്. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം ഇവര്‍ തിരിച്ചറിഞ്ഞത്.
ആ സത്യം അറിഞ്ഞതോടെ ദമ്പതികള്‍ തകര്‍ന്നുപോയി. ഷിയയെ തങ്ങള്‍ ഒരുപാട് സ്‌നേഹിക്കുന്നു എന്ന് അവര്‍ പറയുന്നു. എന്നാല്‍, അവളുടെ യഥാര്‍ത്ഥ മാതാപിതാക്കളില്‍ നിന്നും അവളെ അകറ്റുന്നത് ശരിയല്ലല്ലോ എന്നതാണ് തങ്ങളുടെ ആകുലത, എന്നെങ്കിലും അവളെ പിരിയേണ്ടി വരുമോ എന്നതും തങ്ങളെ വേദനിപ്പിക്കുന്നു എന്നും അവര്‍ പറയുന്നു. എന്തായാലും, ക്ലിനിക്കിനെതിരെ കേസ് കൊടുത്തിരിക്കയാണ് ഇപ്പോള്‍ ദമ്പതികള്‍.