Friday, March 13, 2026 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 11.16 AM

വംശനാശ ഭീഷണി നേരിടുന്ന ആന്‍ഡിയന്‍ കോണ്ടോര്‍ കഴുകന്‍ വംശത്തില്‍ പിറന്നത് 3 കുഞ്ഞുങ്ങള്‍

andean, condor, chicks

കടുത്ത വംശനാശ ഭീഷണി നേരിടുന്ന കോണ്ടോര്‍ കഴുകന്‍ വംശത്തില്‍ പിറന്നത് മൂന്ന് കുഞ്ഞുങ്ങള്‍. കൊളംബിയയില്‍ ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ചു മുട്ടകള്‍ വിരിയിക്കുന്ന പദ്ധതിയിലൂടെയാണ് 3 മുട്ടകള്‍ വിരിഞ്ഞത്. പക്ഷികളുടെ ഭാവി സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതായി ഈ സംഭവം. കൊളംബിയന്‍ സംരക്ഷണ സംഘടനയായ ജെയ്മി ഡൂക്കെ പാര്‍ക്ക് ഫൗണ്ടേഷനാണ് ഈ പദ്ധതിയുടെ നേതൃത്വം. കൊളംബിയന്‍ തലസ്ഥാനം ബൊഗോട്ടയിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. 2024 മുതല്‍ ഇപ്പോള്‍ വരെയുള്ള കാലയളവിലാണ് ഈ കുഞ്ഞുങ്ങളുണ്ടായത്.

ഐയുസിഎന്‍ ചുവപ്പുപട്ടിക പ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ആന്‍ഡിയന്‍ കോണ്ടോറുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബൊളീവിയ, ചിലെ, അര്‍ജന്റീന എന്നിവിടങ്ങളിലായി ഏകദേശം 6,700 പക്ഷികള്‍ മാത്രമാണുള്ളത്. കൊളംബിയയിലും ഇക്വഡോറിലും ഇവ അതീവ വംശനാശ ഭീഷണി നേരിടുകയാണ്. 150ല്‍ താഴെ പക്ഷികള്‍ മാത്രമാണ് ഇവിടെയുള്ളത്. വെനസ്വേലയില്‍ ഈ വര്‍ഗത്തിന് ഇതിനകം വംശനാശം സംഭവിച്ചു. റഫീക്കി, വെയ്‌റ, ആംബര്‍ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞുങ്ങള്‍ യഥാക്രമം 2024 ജൂലൈ, 2025 സെപ്റ്റംബര്‍, 2025 ഒക്ടോബര്‍ മാസങ്ങളിലാണ് വിരിഞ്ഞത്. കുഞ്ഞുങ്ങളില്‍ മുതിര്‍ന്നവരായ റഫീക്കിയെയും വെയ്‌റയെയും ഈ വര്‍ഷം തന്നെ സെറിറ്റോയ്ക്ക് സമീപം തുറന്നുവിടാമെന്നാണ് പ്രതീക്ഷ. രാജ്യത്തെ കോണ്ടോര്‍ പക്ഷികളില്‍ പകുതിയോളവും അതിജീവിക്കുന്നത് വടക്കുകിഴക്കന്‍ കൊളംബിയയിലെ ഈ ഉയര്‍ന്ന പ്രദേശത്താണ്.

കോണ്ടോറുകളുടെ അതിജീവന സാധ്യത വര്‍ധിപ്പിക്കുന്നതിനായി, സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ കൂട്ടില്‍നിന്ന് ശേഖരിക്കുന്ന ഓരോ മുട്ടയും ഓവനു സമാനമായ ഇന്‍കുബേറ്ററുകളില്‍ വെച്ച് വിരിയിക്കുന്നു. ആന്‍ഡിയന്‍ കോണ്ടോറുകള്‍ സാധാരണയായി രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കലാണ് ഒരു കുഞ്ഞിനെ വളര്‍ത്തുന്നത്. ആദ്യമായി രക്ഷിതാക്കളാകുന്ന പക്ഷികള്‍ അബദ്ധത്തില്‍ മുട്ട പൊട്ടിക്കാറുമുണ്ട്. എന്നാല്‍, കൂട്ടില്‍നിന്ന് മുട്ട മാറ്റുന്നത് വീണ്ടും മുട്ടയിടാനും പ്രേരിപ്പിക്കും.

കുഞ്ഞ് വിരിഞ്ഞു കഴിഞ്ഞാല്‍, കാട്ടിലെ അതിജീവന സാധ്യത മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാര്‍ അവയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താറില്ല. ഭക്ഷണം നല്‍കുമ്പോള്‍ കോണ്ടോറിന്റെ രൂപമുള്ള പാവകളാണ് ഉപയോഗിക്കുന്നത്. മനുഷ്യരുമായി ഇണങ്ങാതിരിക്കാനും അവരെ അകറ്റിനിര്‍ത്താനും പഠിക്കുന്നതിനായി മറ്റ് കോണ്ടോറുകള്‍ക്കൊപ്പമാണ് ഇവയെ പാര്‍പ്പിക്കുന്നത്. കാട്ടിലേക്ക് തിരികെ വിടുമ്പോള്‍ അതിജീവനത്തിന് ഈ സ്വഭാവം അത്യാവശ്യമാണ്. മുന്‍കാലങ്ങളില്‍ സെറിറ്റോയിലെ ആളുകള്‍ കോണ്ടോറുകളെ ശല്യക്കാരായാണ് കണ്ടിരുന്നത്. അവ ചെമ്മരിയാടുകളെ വേട്ടയാടുന്നുവെന്ന് പല കര്‍ഷകരും വിശ്വസിച്ചിരുന്നു. എന്നാല്‍ ഇതു തെറ്റിദ്ധാരണയായിരുന്നു.

Ads by Google
Monday 02 Feb 2026 11.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW