Sunday, March 15, 2026 Last Updated 26 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 03.25 PM

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കേരളത്തില്‍ 12,462 പേര്‍ കരട് പട്ടികയില്‍ നിന്ന് പുറത്ത്

list

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സംസ്ഥാനത്ത് 12,462 പേര്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍. എസ്‌ഐആര്‍ തുടങ്ങിയത് മുതല്‍ സംസ്ഥാനത്ത് 44,46,107 ഫോമുകള്‍ ലഭിച്ചിട്ടുണ്ടെന്നും 2025 ഒക്ടോബര്‍ 27 മുതല്‍ 2026 ജനുവരി 30 വരെയുളള കണക്കാണിതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. മരിച്ചവരെയും വിദേശ പൗരത്വം സ്വീകരിച്ചവരെയും താമസം മാറിയവരെയുമാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഹിയറിംഗ് തുടരുന്നതിനാല്‍ കണക്കില്‍ വ്യത്യാസം വരുമെന്നും അനര്‍ഹരായി കണ്ടെത്തുന്നവരെ ഇനിയും കരട് പട്ടികയില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം അറിയിച്ചു.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എതിര്‍പ്പുകളും പരാതികളും അറിയിക്കാനുളള സമയപരിധി ജനുവരി മുപ്പതിന് അവസാനിച്ചിരുന്നു. കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും 2002-ലെ വോട്ടര്‍ പട്ടികയുമായി മാപ്പിംഗ് ചെയ്യാനാവാത്തവരുടെ ഹിയറിംഗ് നടപടികള്‍ ഫെബ്രുവരി പതിനാല് വരെ തുടരും. 2.52 കോടി വോട്ടര്‍മാരാണ് എസ് ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. 25 ലക്ഷത്തോളം പേരാണ് എസ്‌ഐആറില്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തായത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്തവരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.

പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബൂത്ത് ലെവന്‍ ഏജന്റ്മാര്‍ക്ക് കൈമാറിയിരുന്നു. ഇവരുടെ സഹായത്തോടെ കണ്ടെത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിച്ചത്. അതേസമയം രേഖകള്‍ ഹാജരാകേണ്ടവരുടെ എണ്ണവും കുത്തനെ വര്‍ധിച്ചിരുന്നു. പലര്‍ക്കും ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് പരാതി ഉയര്‍ന്നിരുന്നത്. അര്‍ഹരായ ഒരാളെപ്പോലും വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഉറപ്പ്.

Ads by Google
Sunday 01 Feb 2026 03.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW