Sunday, March 15, 2026 Last Updated 28 Min 52 Sec ago English Edition
Todays E paper
Ads by Google
ബിജു ലോട്ടസ്
Sunday 01 Feb 2026 11.20 AM

വിപ്ലവത്തിന്റെ കനലില്‍നിന്ന്‌ ആത്മീയതയുടെ ശാന്തിയിലേക്ക്‌; വെള്ളത്തൂവല്‍ സ്‌റ്റീഫന്റെ ജീവിതം, കേരളം കടന്നുപോയ സായുധ രാഷ്‌ട്രീയത്തിന്റെ നേര്‍ചിത്രം

വിപ്ലവ ജീവിതവും ജയില്‍ അനുഭവങ്ങളും ആത്മീയ തിരിഞ്ഞുനോട്ടവും ചേര്‍ന്നതാണ്‌ സ്‌റ്റീഫന്റെ എഴുത്തുകള്‍. വിപ്ലവത്തിന്റെ തീപ്പൊള്ളലുകള്‍ അനുഭവിച്ച സ്‌റ്റീഫന്‍ ഒടുവില്‍ മറ്റൊരു വിശ്വാസപാതയില്‍ എത്തിച്ചേര്‍ന്നു.
uploads/news/2026/02/823433/Vellathooval-stephen.jpg

അടിമാലി: ഒരു കാലത്തു നക്‌സലൈറ്റ്‌ പ്രസ്‌ഥാനത്തിന്റെ ശക്‌തമായ മുഖങ്ങളിലൊരാളായിരുന്ന വെള്ളത്തൂവല്‍ സ്‌റ്റീഫന്‍ ഇനി ഓര്‍മ. രോഗബാധിതനായി കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
കേരളത്തില്‍ സായുധ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്‌ തീപിടിച്ച കാലഘട്ടമായിരുന്ന 1960-70 കളില്‍, യുവതയുടെ മനസിനെ ഏറെ ആകര്‍ഷിച്ചിരുന്ന വിപ്ലവ ആശയങ്ങളാണ്‌ സ്‌റ്റീഫനെ രാഷ്‌ട്രീയത്തിലേക്ക്‌ നയിച്ചത്‌. തുടക്കത്തില്‍ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സ്‌റ്റീഫന്‍ പിന്നീട്‌ നക്‌സലൈറ്റ്‌ പ്രസ്‌ഥാനത്തില്‍ ചേരുകയായിരുന്നു.
തലശേരി പോലീസ്‌ സ്‌റ്റേഷന്‍ ആക്രമണം സ്‌റ്റീഫനെ സംസ്‌ഥാനതലത്തില്‍ തന്നെ ശ്രദ്ധേയനാക്കി. ആ സംഭവത്തോടെ നക്‌സലൈറ്റ്‌ പ്രസ്‌ഥാനം കേരള രാഷ്‌ട്രീയചരിത്രത്തില്‍ ശക്‌തമായി രേഖപ്പെടുത്തപ്പെട്ടു. തുടര്‍ന്ന്‌ വര്‍ഷങ്ങളോളം അദ്ദേഹം ഒളിവില്‍ കഴിഞ്ഞു. കേരളത്തിലുടനീളം പ്രസ്‌ഥാനത്തിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്‌തു.
ഈ കാലയളവില്‍ നിരവധി കേസുകളില്‍ പ്രതിയായി. കൊലക്കേസ്‌ ഉള്‍പ്പെടെ 18-ല്‍ പരം കേസുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. പിന്നീട്‌ ഒരു ടെലിവിഷന്‍ പരിപാടിയില്‍, താന്‍ മൂന്ന്‌ ജന്മിമാരെ കൊലപ്പെടുത്തിയതായി സ്‌റ്റീഫന്‍ തുറന്നുപറഞ്ഞത്‌ വലിയ ചര്‍ച്ചകള്‍ക്ക്‌ ഇടയാക്കി.
1971-ല്‍ സ്‌റ്റീഫന്‍ അറസ്‌റ്റിലായി. ദീര്‍ഘകാല ജയില്‍വാസമാണ്‌ പിന്നീട്‌ അദ്ദേഹത്തിന്റെ ജീവിതത്തെ തിരുത്തിയത്‌. സായുധ വിപ്ലവത്തിന്റെ ആശയങ്ങളോട്‌ അകലം തോന്നിത്തുടങ്ങിയ ഈ കാലഘട്ടത്തിലാണ്‌, സ്വന്തം ജീവിതത്തെയും രാഷ്‌ട്രീയത്തെയും കുറിച്ച്‌ ആഴത്തില്‍ ചിന്തിക്കാന്‍ അദ്ദേഹം തുടങ്ങിയത്‌. ജയില്‍വാസത്തിനിടയില്‍ ഉന്മൂലന സിദ്ധാന്തം ഉപേക്ഷിക്കുകയും, സായുധ സമരത്തിന്റെ വഴികള്‍ തെറ്റായിപ്പോയെന്ന്‌ സ്വയം വിലയിരുത്തുകയും ചെയ്‌തതായാണ്‌ സ്‌റ്റീഫന്‍ പിന്നീട്‌ പല സന്ദര്‍ഭങ്ങളിലും പറഞ്ഞിട്ടുള്ളത്‌.
ജയില്‍ മോചിതനായ ശേഷം സ്‌റ്റീഫന്റെ ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക്‌ നീങ്ങി. അദ്ദേഹം ആത്മീയ ജീവിതത്തിലേക്ക്‌ മാറി. സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത അദ്ദേഹം പൊതുയോഗങ്ങളിലും വ്യക്‌തിഗത സംഭാഷണങ്ങളിലും തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു.
വിപ്ലവ ജീവിതവും ജയില്‍ അനുഭവങ്ങളും ആത്മീയ തിരിഞ്ഞുനോട്ടവും ചേര്‍ന്നതാണ്‌ സ്‌റ്റീഫന്റെ എഴുത്തുകള്‍. വിപ്ലവത്തിന്റെ തീപ്പൊള്ളലുകള്‍ അനുഭവിച്ച സ്‌റ്റീഫന്‍ ഒടുവില്‍ മറ്റൊരു വിശ്വാസപാതയില്‍ എത്തിച്ചേര്‍ന്നു. വെള്ളത്തൂവല്‍ സ്‌റ്റീഫന്റെ ജീവിതം കേരളം കടന്നുപോയ സായുധ രാഷ്‌ട്രീയത്തിന്റെ ഒരു ഘട്ടം കൂടിയാണ്‌.

Ads by Google
ബിജു ലോട്ടസ്
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW