-->
കിറ്റെക്സ് എം ഡി സാബു എം ജേക്കബ് റിപ്പോർട്ടർ ടി വിക്കെതിരെ 250 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. തന്നെ മനപ്പൂർവ്വം ഉപദ്രവിക്കാൻ ശ്രമിക്കുന്നതായും ന്യൂസ് ചാനൽ കയ്യിലുണ്ടെന്ന് കരുതി ആരെയും കരി വാരിത്തേക്കാമെന്ന് കരുതരുത് എന്ന് സാബു എം ജേക്കബ് വ്യക്തമാക്കി. റിപ്പോർട്ടർ ടിവി വ്യാജ വാർത്ത സൃഷ്ടിക്കുന്നുവെന്നും ഉടമ ആൻ്റോയെ അറിയുന്നത് തന്നെ മാംഗോ ഫോണിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തട്ടിപ്പ് നടത്തിയതിലാണ് ആൻ്റോയെ കേരളം അറിയുന്നത്. പിന്നീട് പേര് കേട്ടത് മരം മുറിക്കേസിലൂടെയാണ്. മാസങ്ങളോളം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ന്യൂസ് ചാനൽ ഏറ്റെടുത്തു. ഒരു ചാനലിൽ ഇരുന്ന് തന്നെ മോശമാക്കാൻ ശ്രമിക്കുന്നുവെന്നും പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്നും സാബു എം ജേക്കബ് പറഞ്ഞു.
ഓർഗാനിക് അല്ലാത്ത ഉത്പന്നങ്ങൾ അമേരിക്കയിലേയ്ക്ക് കിറ്റക്സ് കയറ്റി അയച്ചു എന്നാണ് റിപ്പോർട്ടർ ടി.വി പറയുന്നത്. ശുദ്ധകളവ് എങ്ങനെ പറയാൻ സാധിക്കുന്നുവെന്നും ഒരു വസ്തുതകളും പഠിക്കാതെ ചാനലിൽ ഇരുന്ന് പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈസൻസ് ഇല്ലാതെയാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ് സർട്ടിഫിക്കറ്റ് റിപ്പോർട്ടർ പുറത്ത് വിടണം. ആൻ്റോ എങ്ങനെ എം.ഡി യായെന്നും ആരും ശബ്ദിച്ചില്ലെങ്കിൽ ദേശീയ ദുരന്തം ആയി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.