Wednesday, March 11, 2026 Last Updated 19 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 04.09 PM

‘അദ്ദേഹമെനിക്ക് സഹോദരനും, ഉപദേഷ്ടാവും, സുഹൃത്തുമൊക്കെയായിരുന്നു; താങ്കള്‍ ഇനിയില്ലെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല...’സി.ജെ. റോയ്‍യെ അനുസ്മരിച്ച് മിഥുന്‍ രമേശ്

uploads/news/2026/01/823345/Untitled-3.jpg
Mithun Ramesh about demise of Dr. CJ Roy (Image Source: Instagram)

ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും സിനിമാ നിർമാതാവുമായ ഡോ. സി.ജെ റോയ് ആദായനികുതി റെയ്ഡിനിടെ ജീവനൊടുക്കിയതാണ് ഇക്കഴിഞ്ഞ ദിവസം ജനങ്ങളെ ഏറെ ഞെട്ടിച്ചൊരു വാര്‍ത്തയായി മാറിയത്. ഗള്‍ഫിലടക്കം നിക്ഷേപമുള്ള വ്യവസായ പ്രമുഖൻ സി.ജെ റോയ് കോര്‍പറേറ്റ് ഓഫീസിലെ സ്വന്തം മുറിയില്‍ വച്ച് ലൈസന്‍സുള്ള തന്റെ തോക്കുപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
സാധാരണക്കാര്‍ക്ക് ചികിത്സാച്ചെലവുകളടക്കം നല്‍കിയിരുന്ന റോയിയുടെ പെട്ടെന്നുള്ള വേര്‍പാട് ഒരുപാട് പേര്‍ക്ക് ഞെട്ടലായി മാറുകയാണ്. റോയ് യെ ഓര്‍ത്തുള്ള നൊമ്പരക്കുറിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സിനിമാ നിര്‍മ്മാതാവ് കൂടിയായ സി.ജെ റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ച ആദ്യ മലയാള ചിത്രം മോഹൻലാൽ നായകനായ ‘കാസനോവ’ ആയിരുന്നു. മോഹന്‍ലാലടക്കം സിനിമാമേഖലയിലെ പ്രമുഖരും ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകളും റോയിക്ക് ആദരാഞ്ജലികൾ അർപ്പിച്ചെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ അതിനിടയില്‍ ഹൃദയത്തില്‍ ചാലിച്ച ഒരു കുറിപ്പ് പങ്കിടുകയാണ് അഭിനേതാവും അവതാരകനും റേഡിയോ ജോക്കിയുമൊ​ക്കെയായ മിഥുന്‍ രമേശ്. ഒരു സുഹൃത്തും സഹോദരനുമൊക്കെയായിരുന്നു റോയ് എന്നും ഇനി റോയി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നുമാണ് മിഥുന്‍ കുറിച്ചിരിക്കുന്നത്. ‘‘എനിക്ക് അദ്ദേഹം ഒരു സഹോദരനും, ഉപദേഷ്ടാവും, സുഹൃത്തും, അങ്ങനെ ആരൊക്കെയോ ആയിരുന്നു. താങ്കള്‍ ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല....’’ എന്നാണ് റോയിക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ട് മിഥുന്‍ കുറിച്ചിരിക്കുന്നത്.
ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് തങ്ങളുടെ നൊമ്പരം കമന്റുകളിലൂടെ കുറിക്കുന്നത്. ബിസിനസ്സിനപ്പുറം ചാരിറ്റി പ്രവര്‍ത്തനങ്ങളിലും റോയി സജീവമായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുന്നു. ക്യാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് വേണ്ടവര്‍ക്കും ചികിത്സാ സഹായം നല്‍കുന്നതിനായി റോയ് പ്രത്യേക ഫണ്ട് നീക്കിവെച്ചിട്ടുണ്ട്.

ബംഗളൂരുവിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്ത് വെള്ളി വൈകിട്ട് 3.15ഓടെയാണ് ദാരുണ സംഭവം. സ്വന്തം തോക്കിൽനിന്ന് നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഉടൻ എച്ച്‍എസ്ആർ ലേഔട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് റോയിയുടെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടക്കവേ ഇന്ന് ഉച്ചയോടെയാണ് റോയ് ഓഫീസിലേക്ക് എത്തിയത്. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. റോയി ആത്മഹത്യ ചെയ്‌തെന്ന വിവരം വ്യവസായ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്‌ഡ്‌ നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണർ സീമന്ത്‌ കുമാർ സിംഗ് വ്യക്തമാക്കി. ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടുമെന്നും സീമന്ത്‌ കുമാർ സിംഗ് പറഞ്ഞു. സി.ജെ.റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയുതിര്‍ത്ത തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും സാന്നിധ്യമുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഈ വ്യവസായ ഗ്രൂപ്പിന്റെ സ്ഥാപനകനും ചെയര്‍മാനുമാണ് ഡോ. റോയ് സി.ജെ. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. സമുദ്ര സംബന്ധിയായ ജോലികള്‍ക്ക് ശേഷമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് റോയി കടന്നുവന്നത്.
സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം, ഹൃദയശസ്ത്രക്രിയ, ഡയാലിസിസ് ക്യാമ്പുകള്‍, വീട് നിര്‍മ്മാണം എന്നിവയ്ക്ക് റോയ്, കോണ്‍ഫിഡന്‍സ് ഫൗണ്ടേഷന്‍ വഴി വലിയ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. 200-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് 1 കോടിരൂപയുടെ സ്‌കോളര്‍ഷിപ്പും നല്‍കിയിട്ടുണ്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന് റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, എന്റര്‍ടെയ്ന്‍മെന്റ്, എഡ്യൂക്കേഷന്‍, ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എന്നീ മേഖലകളിലും നിറസാന്നിധ്യമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW