-->
ഇന്ത്യയുടെ സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള ദിശാസൂചികയായ 2025-26 ലെ സാമ്പത്തിക സര്‍വേ, വികസനത്തിന്റെ തിളക്കമാര്‍ന്ന കണക്കുകള്‍ക്കൊപ്പം തന്നെ രാജ്യം അഭിമുഖീകരിക്കുന്ന ഘടനാപരമായ വെല്ലുവിളികളെയും കൃത്യമായി അടയാളപ്പെടുത്തുന്നു. രാജ്യം മുന്നോട്ടു പോകുമ്പോള്‍, വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞുപോക്കും സ്‌കൂളുകളുടെ അസമമായ വിതരണവും നമ്മുടെ മനുഷ്യവിഭവശേഷിക്ക് തടസ്സമാകുന്നുണ്ട്. അപ്പോഴും, പരമ്പരാഗത കൃഷിരീതികളില്‍ നിന്ന് മൃഗസംരക്ഷണത്തിലേക്കും മത്സ്യബന്ധനത്തിലേക്കും കര്‍ഷകര്‍ ചുവടുമാറുന്നത് കാര്‍ഷിക മേഖലയ്‌ക്ക് പുതുജീവന്‍ നല്‍കുന്നു. എന്നാല്‍, രാജ്യത്തിന്റെ വളര്‍ച്ചാ എന്‍ജിനുകളാകേണ്ട നഗരങ്ങള്‍ ഇപ്പോഴും അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ഭരണപരമായ ഏകോപനമില്ലായ്‌മയിലും പതറുകയാണ്. വിജ്‌ഞാനവും കൃഷിയും നഗരസംസ്‌കാരവും ഒരേപോലെ വികസിക്കുമ്പോള്‍ മാത്രമേ വികസിത ഭാരതം എന്ന ലക്ഷ്യം അര്‍ത്ഥപൂര്‍ണമാകൂ എന്ന് സര്‍വേയിലെ ഈ വസ്‌തുതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
രാജ്യത്തിന്റെ വികസന സൂചികയില്‍ ഏറ്റവും നിര്‍ണായകമായ ഒരേടാണ് വിദ്യാഭ്യാസം. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി.) അനുസരിച്ച്, ഇന്ത്യയിലെ പ്രതീക്ഷിക്കുന്ന സ്‌കൂള്‍ വിദ്യാഭ്യാസ കാലയളവ് നിലവിലെ 13 വര്‍ഷത്തില്‍ നിന്ന് 15 വര്‍ഷമായി ഉയര്‍ത്തുക എന്നത് ഒരു പ്രധാന ലക്ഷ്യമാണ്. എന്നാല്‍, വ്യാഴാഴ്‌ച പുറത്തുവന്ന സാമ്പത്തിക സര്‍വേ വിരല്‍ചൂണ്ടുന്നത് ഈ ലക്ഷ്യത്തിലേക്കുള്ള പാതയില്‍ നാം നേരിടുന്ന കടുത്ത പ്രതിബന്ധങ്ങളിലേക്കാണ്. സ്‌കൂളുകളുടെ അസമമായ വിതരണവും, സെക്കന്‍ഡറി തലത്തിലെ കൊഴിഞ്ഞുപോക്കും നമ്മുടെ മനുഷ്യവിഭവശേഷി വികസനത്തിന് വലിയ വെല്ലുവിളിയായി തുടരുന്നു.
ഗ്രാമീണ-നഗര അന്തരം
അടിസ്‌ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം വിദ്യാഭ്യാസ മേഖലയിലും പ്രകടമാണ്. ഗ്രാമീണ മേഖലയില്‍ വെറും 17 ശതമാനം സ്‌കൂളുകള്‍ മാത്രമാണ് സെക്കന്‍ഡറി വിദ്യാഭ്യാസം (ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറിയും) നല്‍കുന്നത് എന്നത് ഞെട്ടിക്കുന്ന കണക്കാണ്.
നഗരപ്രദേശങ്ങളില്‍ ഇത് 38 ശതമാനമാണ്. ഈ കണക്കുകള്‍ വ്യക്‌തമാക്കുന്നത്, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തുടര്‍പഠനത്തിന് അവസരമില്ലാതെ വലിയൊരു വിഭാഗം ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ പുറന്തള്ളപ്പെടുന്നു എന്നാണ്.
എട്ടാംക്ല ാസിനു ശേഷം വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ പിടിച്ചുനിര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നു. 14 മുതല്‍ 18 വയസ്സുവരെയുള്ള കൗമാരക്കാരാണ് സ്‌കൂളിന് പുറത്തുള്ളവരില്‍ ഭൂരിഭാഗവും എന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം.
കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങള്‍
പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (2023-24) കണക്കുകള്‍ പ്രകാരം ഏകദേശം രണ്ട് കോടി കൗമാരക്കാരാണ് (14-18 പ്രായപരിധിയില്‍) സ്‌കൂളിന് പുറത്തുള്ളത്. എന്തുകൊണ്ട് ഇവര്‍ക്ക് പഠനം നിര്‍ത്തേണ്ടി വരുന്നു എന്ന ചോദ്യത്തിന് സാമ്പത്തിക സര്‍വേ നല്‍കുന്ന ഉത്തരം സാമൂഹികാസൂത്രകര്‍ ഗൗരവമായി കാണേണ്ടതാണ്. കുടുംബ വരുമാനം വര്‍ദ്ധിപ്പിക്കേണ്ടി വരുന്നതാണ് 44 ശതമാനം കുട്ടികളുടെയും പഠനം മുടങ്ങാന്‍ കാരണം.
ഇവിടെയും ലിംഗപരമായ വിവേചനം പ്രകടമാണ്. സ്‌കൂള്‍ വിടുന്ന ആണ്‍കുട്ടികളില്‍ 67 ശതമാനം പേരും സാമ്പത്തികാവശ്യങ്ങള്‍ക്കായി ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, 55 ശതമാനം പെണ്‍കുട്ടികളും പഠനം നിര്‍ത്തുന്നത് വീട്ടുജോലികളും കുടുംബാംഗങ്ങളെ പരിചരിക്കേണ്ട ചുമതലയും മൂലമാണ്. സാമ്പത്തിക പരാധീനതകളും സാമൂഹിക സാഹചര്യങ്ങളും നമ്മുടെ കുട്ടികളുടെ ഭാവിയെ എങ്ങനെ കരിനിഴലിലാക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണിത്.
നൈപുണ്യ വികസനത്തിലെ പോരായ്‌മകള്‍
തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മറ്റൊരു പ്രധാന പ്രശ്‌നം. സാമ്പത്തിക സമ്മര്‍ദം മൂലം പഠനം നിര്‍ത്തി തൊഴിലിലേക്ക് തിരിയുന്ന കൗമാരക്കാര്‍ക്ക് കൃത്യമായ നൈപുണ്യ പരിശീലനം ലഭിക്കുന്നില്ല. 14-18 പ്രായത്തിലുള്ളവരില്‍ വെറും 0.97 ശതമാനം പേര്‍ക്ക് മാത്രമേ സ്‌ഥാപനപരമായ നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ളൂ എന്നും, 91.94 ശതമാനം പേര്‍ക്കും യാതൊരുവിധ പരിശീലനവും ലഭിച്ചിട്ടില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം സമന്വയിപ്പിക്കേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു.
ഉന്നത വിദ്യാഭ്യാസവും ഭാവിയും
സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ വെല്ലുവിളികള്‍ക്കിടയിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എടുത്തുപറയുന്നുണ്ട്. ഐ.ഐ.ടി, ഐ.ഐ.എം, എയിംസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയും, വിദേശങ്ങളില്‍ ഐ.ഐ.ടി ക്യാമ്പസുകള്‍ ആരംഭിച്ചതും നേട്ടങ്ങള്‍ തന്നെയാണ്.
എങ്കിലും, ഉന്നത വിദ്യാഭ്യാസരംഗത്തെ 81 ശതമാനം പ്രവേശനവും നടക്കുന്നത് സംസ്‌ഥാന സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലാണെന്നത് വിസ്‌മരിച്ചുകൂടാ. അതുകൊണ്ട് തന്നെ, ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് സംസ്‌ഥാനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 'വികസിത് ഭാരത് ശിക്ഷാ അധിഷ്‌ഠാന്‍ ബില്‍, 2025' പോലുള്ള നിയമനിര്‍മാണങ്ങള്‍ നിയന്ത്രണങ്ങളിലെ അവ്യക്‌തത നീക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. അക്കാദമിക് രംഗവും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനും, വിദ്യാഭ്യാസത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും സര്‍വേ നിര്‍ദ്ദേശിക്കുന്നു.
കാര്‍ഷികമേഖല: മാറ്റത്തിന്റെ
വിളവെടുപ്പും പുതിയ വഴികളും
വിദ്യാഭ്യാസത്തിലൂടെയുള്ള മനുഷ്യവിഭവശേഷി വികസനം പോലെ തന്നെ നിര്‍ണായകമാണ് രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയുടെ പ്രകടനവും. പരമ്പരാഗത കൃഷിരീതികളില്‍ നിന്ന് അനുബന്ധ മേഖലകളിലേക്കുള്ള ചുവടുമാറ്റമാണ് സാമ്പത്തിക സര്‍വേയിലെ കാര്‍ഷിക കണക്കുകള്‍ വ്യക്‌തമാക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ കാര്‍ഷിക, അനുബന്ധ മേഖലകളുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സ്‌ഥിരവിലയില്‍) 4.4 ശതമാനമാണെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഈ വളര്‍ച്ച 3.5 ശതമാനമായി കുറഞ്ഞു എന്നത് സൂക്ഷ്‌മമായി പരിശോധിക്കേണ്ടതാണ്. ശരാശരിയേക്കാള്‍ ഏകദേശം ഒരു ശതമാനത്തോളം കുറവാണിത്. എങ്കിലും, ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ കാര്‍ഷിക മേഖലയുടെ പ്രകടനം ആശാവഹമാണ്.
അനുബന്ധ മേഖലകളുടെ കുതിപ്പ്
2015-16 മുതല്‍ 2024-25 വരെയുള്ള ദശകത്തില്‍ 4.45 ശതമാനം വളര്‍ച്ചയാണ് കാര്‍ഷിക മേഖല രേഖപ്പെടുത്തിയത്. മുന്‍ ദശകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എന്നാല്‍ ഈ വളര്‍ച്ചയുടെ ഘടനയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. പരമ്പരാഗത വിള അധിഷ്‌ഠിത കൃഷിയേക്കാള്‍ , മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ അനുബന്ധ മേഖലകളാണ് കാര്‍ഷിക വളര്‍ച്ചയുടെ പുതിയ എന്‍ജിനുകളായി മാറുന്നത്. മൃഗസംരക്ഷണ മേഖല 7.1 ശതമാനവും, ഫിഷറീസ്-അക്വാകള്‍ച്ചര്‍ മേഖല 8.8 ശതമാനവും വളര്‍ച്ച നേടി എന്നത് കര്‍ഷകരുടെ വരുമാന സ്രോതസ്സുകളിലെ വൈവിധ്യവല്‍ക്കരണത്തെയാണ് സൂചിപ്പിക്കുന്നത്.
ഭക്ഷ്യസുരക്ഷയില്‍ മുന്നോട്ട്
കാലാവസ്‌ഥാ വ്യതിയാനമടക്കമുള്ള വെല്ലുവിളികള്‍ക്കിടയിലും ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ രാജ്യം സുസ്‌ഥിരമായ നേട്ടം കൈവരിച്ചു. 2024-25 കാര്‍ഷിക വര്‍ഷത്തില്‍ 3,577.3 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് രാജ്യം ഉല്‍പാദിപ്പിച്ചത്. അരി, ഗോതമ്പ്, ചോളം, ചെറുധാന്യങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തിലുണ്ടായ വര്‍ദ്ധനയാണ് ഈ നേട്ടത്തിന് അടിത്തറയിട്ടത്.
നഗരങ്ങള്‍: അപൂര്‍ണമായ വാഗ്‌ദാനങ്ങളും
അനിവാര്യമായ മാറ്റങ്ങളും
ഗ്രാമങ്ങള്‍ കാര്‍ഷിക സമൃദ്ധിയുടെ കഥ പറയുമ്പോള്‍, നഗരങ്ങള്‍ നിത്യജീവിതത്തിലെ സമ്മര്‍ദങ്ങളുടെയും അപൂര്‍ണമായ വികസനത്തിന്റെയും നേര്‍ക്കാഴ്‌ചകളാകുന്നു. വളര്‍ച്ചയെ വെറുമൊരു കണക്കായി കാണാതെ, അത് ജനജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്തുന്നു എന്നതിലാണ് നഗരങ്ങളുടെ വിജയം കുടികൊള്ളുന്നത്.
നഗരവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടേത് തകര്‍ച്ചയുടെ കഥയല്ല, മറിച്ച് 'അപൂര്‍ണമായ ഒരു വാഗ്‌ദാന'ത്തിന്റെ ചിത്രമാണെന്ന് സാമ്പത്തിക സര്‍വേ 2025-26 വ്യക്‌തമാക്കുന്നു. ദീര്‍ഘനേരത്തെ യാത്രാക്ലേശം, അസമമായ സേവന വിതരണം, പ്രതീക്ഷയ്‌ക്കൊത്തുയരാത്ത പൊതുവിടങ്ങള്‍ എന്നിവ നഗരവാസികളുടെ ദൈനംദിന ജീവിതത്തെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ സമ്മര്‍ദങ്ങള്‍ക്ക് പ്രധാന കാരണം അടിസ്‌ഥാന സൗകര്യങ്ങളുടെ ലഭ്യതയിലുള്ള പരിമിതികളാണ്.
അടിസ്‌ഥാന സൗകര്യങ്ങളിലെ വിടവുകള്‍
ഭൂമി, പാര്‍പ്പിടം, ഗതാഗതം എന്നീ മേഖലകളിലെ ആസൂത്രണപ്പഴവുകള്‍ നഗരവികസനത്തെ പിന്നോട്ടടിക്കുന്നു. വ്യക്‌തമല്ലാത്ത ഉടമസ്‌ഥാവകാശ രേഖകളും, ഭൂമിയുടെ പുനരുപയോഗത്തിലുള്ള പരിമിതികളും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് തടസ്സമാകുന്നു. ഒപ്പം, പൊതുഗതാഗത സംവിധാനങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിന് പകരം സ്വകാര്യ വാഹനങ്ങളെ അമിതമായി ആശ്രയിക്കുന്ന ഗതാഗത രീതി നഗരങ്ങളെ ശ്വാസം മുട്ടിക്കുകയാണ്.
ശുചിത്വം, മാലിന്യ സംസ്‌കരണം, കുടിവെള്ള വിതരണം തുടങ്ങിയ അടിസ്‌ഥാന സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ നഗരങ്ങള്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍, ഇനി വേണ്ടത് വെറും വ്യാപനമല്ല, മറിച്ച് വിശ്വാസ്യതയും കാര്യക്ഷമതയുമാണ്.
ഭരണസംവിധാനത്തിലെ പോരായ്‌മകള്‍
മേഖലാപരമായ ഈ പ്രശ്‌നങ്ങള്‍ക്കപ്പുറം, സ്‌ഥാപനപരമായ ചില ന്യൂനതകളും സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്. നഗരഭരണകൂടങ്ങള്‍ക്ക് സാമ്പത്തിക സ്വയംഭരണാധികാരം പരിമിതമാണ്. ഇത് വന്‍കിട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും തടസ്സമാകുന്നു. മെട്രോ നഗരങ്ങളിലെ ഭരണസംവിധാനങ്ങള്‍ പലപ്പോഴും ഏകോപനമില്ലാതെ വിഘടിച്ചു നില്‍ക്കുന്നത് വികസനത്തെ ബാധിക്കുന്നു.
പൗരബോധത്തിന്റെ പ്രാധാന്യം
നഗരജീവിതത്തിന്റെ ഗുണനിലവാരം എന്നത് കേവലം അടിസ്‌ഥാന സൗകര്യ വികസനത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. അതില്‍ പൗരന്മാരുടെ പെരുമാറ്റത്തിനും വലിയ പങ്കുണ്ട്. പൊതുസ്‌ഥലങ്ങളോടുള്ള ബഹുമാനവും, കൂട്ടുത്തരവാദിത്തവും, പൗരബോധവും നഗരജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അടിസ്‌ഥാന സൗകര്യങ്ങള്‍ക്കൊപ്പം തന്നെ ഈ 'അദൃശ്യമായ അടിത്തറകളും' മെച്ചപ്പെടുത്തേണ്ടതുണ്ട്.
കെ.ജെ. ജോര്‍ജ്