-->
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതി വിധി ചോദ്യംചെയ്‌ത് ഒന്നാംപ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തനിക്കെതിരേയുള്ള എല്ലാ ആരോപണങ്ങളിലും താന്‍ നിരപരാധിയാണെന്നാണു സുനിയുടെ പ്രധാനവാദം. പ്രോസിക്യൂഷന്‍ കേസ് വ്യാജവും കെട്ടിച്ചമച്ചതും ഏകപക്ഷീയവുമാണ്.
1, 5, 166, 41, 42, 69 എന്നീ സാക്ഷിമൊഴികള്‍ക്കിടയില്‍ വ്യക്‌തവും സാരവുമായ വൈരുധ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും കോടതി പരിഗണിച്ചില്ല. പൊരുത്തക്കേടുകള്‍ തിരിച്ചറിയാന്‍ കോടതി ശ്രമം നടത്തിയില്ല. ഗോവയിലെ മുന്‍ ൈഡ്രവര്‍ എന്ന സംശയാസ്‌പദമായ പരാമര്‍ശം മാത്രമേ തനിക്കെതിരേയുള്ളൂ. ഇതുവഴി ഐഡന്റിറ്റി സ്‌ഥിരീകരണത്തിലും അനിശ്‌ചിതത്വമുണ്ട്. ഒന്നാം സാക്ഷിയുടെ തിരിച്ചറിയല്‍, അഞ്ചാംസാക്ഷിയുടെ വസതിയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവം, ഗോവ വിവരണം, സിം കാര്‍ഡ്, ഡിജിറ്റല്‍ തെളിവുകള്‍, മെഡിക്കല്‍, ഫോറന്‍സിക് വസ്‌തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള തെളിവുകളില്‍ വൈരുധ്യമുണ്ട്.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രോസിക്യൂഷന്‍ കേസിന്റെ സ്‌ഥിരീകരണമായി കണക്കാക്കിയതിലും അപാകതയുണ്ട്. ഗോവയിലെ ൈഡ്രവര്‍ ആണെന്ന് ആരോപിക്കപ്പെടുന്നതിലും പിഴവുണ്ടായെന്നു അപ്പീലില്‍ പറയുന്നു.
എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്യുന്നതിലെ കാലതാമസം, നിയമവിരുദ്ധവും ക്രമരഹിതവുമായ അറസ്‌റ്റ്, സാധുവല്ലാത്ത തിരിച്ചറിയല്‍ പരേഡ്‌്, മെറ്റീരിയല്‍ തെളിവുകള്‍ പരിഗണിക്കാത്തത്, ജൈവ, ഡിജിറ്റല്‍ തെളിവുകള്‍ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്‌ചകള്‍ എന്നിവയുള്‍പ്പെടെ ഗുരുതരമായ നടപടിക്രമ ക്രമക്കേടുകള്‍ അന്വേഷണത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ പിഴവുകള്‍ തനിക്കെതിരേയുള്ള ശിക്ഷാവിധിയ്‌ക്കു കാരണമാണെന്നും അപ്പീലില്‍ പറയുന്നു.