-->
കെഎസ്‌ആർടിസിയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകർഷിക്കാനും പ്രതിമാസ പ്രവർത്തന നഷ്ടം കുറയ്ക്കുന്നതിനും വലിയ ചുവടുവയ്പ്പുകളാണ് വകുപ്പില്‍ നിന്ന് ഉണ്ടാകുന്നത്. കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി മികച്ച ബസുകള്‍ എത്തിക്കുക മാത്രമല്ല ഹൈടെക് സംവിധാനങ്ങളും വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ കെഎസ്‌ആർടിസി ബസിലിരുന്നും ഈസിയായി കഴിക്കാവുന്ന ഫുഡ് റാപ്പുകള്‍ പരിചയപെടുത്തുകയാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഭക്ഷണം കഴിച്ച ശേഷം വൃത്തിയായി മടക്കി വച്ചാൽ ഒരു ചെറിയ ബോക്സ് പോലെയാകുന്ന ഫുഡ് റാപ്പുകൾ വേസ്റ്റ് എങ്ങനെ കളയുമെന്ന ആശങ്കയും ഇല്ലാതാക്കുമെന്നും ഗണേഷ് കുമാർ പറയുന്നു.
യാത്രക്കിടയില്‍ എളുപ്പം കഴിക്കാവുന്ന ഫുഡ് റാപ്പുകള്‍ എങ്ങനെ കഴിക്കാമെന്ന് മന്ത്രി ഡെമോ കാണിക്കുന്നതും വീഡിയോയിലുണ്ട്. 10 ബസ് സ്റ്റേഷനുകളില്‍ ആണ് റെയില്‍ റോള്‍സ് ന്റെ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നത്.
നിലവില്‍ 10 ഡിപ്പോകളില്‍ ഒൗട്ട്‌ലറ്റ് തുടങ്ങാനുള്ള അനുമതിയാണ് റെയില്‍ റോള്‍സിന് കെഎസ്‌ആർടിസി നല്‍കിയത്. ഇതിനായുള്ള ആദ്യ ഒൗട്ട്‌ലറ്റ് തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയില്‍ തുറന്നിട്ടുണ്ട്. റെയില്‍ റോള്‍സിന്റെ തിരുവനന്തപുരം ഒൗട്ട്‌ലറ്റിന്റെ ഉദ്‌ഘാടനം മന്ത്രിയാണ് നിർവഹിച്ചത്.
‘‘ഹൈജീനിക് ആയ ഭക്ഷണം റാപ്പറുകളിലായിരിക്കും. അതിനാല്‍ സീറ്റോ പരിസരമോ വൃത്തികേടാകില്ല. റാപ്പറുകള്‍ പൊളിച്ച് എങ്ങനെ ഭക്ഷണം കഴിക്കാമെന്ന് ബസിലെ സ്‌ക്രീനില്‍ വിശദമാക്കും. റാപ്പറുകള്‍ ബസിനകത്ത് സ്ഥാപിച്ച പ്രത്യേക വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കണം...’’ മന്ത്രി പറഞ്ഞു. എല്ലാത്തരം ബസുകളിലും ഭക്ഷണമെത്തിക്കുന്ന സംവിധാനമാണിത്.
അടുത്ത ദിവസങ്ങളില്‍ കൊട്ടാരക്കര, കൊല്ലം, എറണാകുളം ഡിപ്പോകളിലും തുടങ്ങും. ഫെബ്രുവരിയില്‍ ആലുവ, ആലപ്പുഴ, കണ്ണൂർ, കാസർകോട്, പാലക്കാട്, കോട്ടയം ഡിപ്പോകളിലും ഒൗട്ട്‌ലറ്റ് തുടങ്ങും.