-->
ദുബൈ: യുഎഇയിൽ വിതരണം ചെയ്യുന്ന പ്രമുഖ ഇന്‍ഫന്‍റ് ഫോര്‍മുല ബ്രാൻഡായ 'ആപ്റ്റാമിൽ അഡ്വാൻസ് 1' (Aptamil Advance 1 POF)-ന്‍റെ പ്രത്യേക ബാച്ച് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവ്. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്‍റും സംയുക്തമായാണ് ഈ മുൻകരുതൽ നടപടി പ്രഖ്യാപിച്ചത്. ഇതിന്‍റെ ഉൽപ്പാദന വേളയിൽ ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്.
നുട്രീഷ്യ മിഡിൽ ഈസ്റ്റ് ഉൽപ്പാദിപ്പിക്കുന്ന ഈ ഇന്‍ഫന്‍റ് ഫോര്‍മുലയുടെ ഒരു ബാച്ചിൽ 'ബാസിലസ് സീറിയസ്' എന്ന ബാക്ടീരിയയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ വിഷാംശം കലരാൻ കാരണമായേക്കാം. കുട്ടികളിൽ ഭക്ഷ്യവിഷബാധ, ഛർദ്ദി, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ യുണൈറ്റഡ് കിംഗ്ഡം, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ബാച്ചുകൾ പിൻവലിച്ചിരുന്നു.