-->
ചെന്നൈ: സിപിഎം സംഘടിപ്പിച്ച സ്വാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധ പരിപാടിയിൽ പെട്രോളൊഴിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ പ്രാദേശിക നേതാവ് മരിച്ചു. വേർകുടി ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദരം (45) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
നാഗപട്ടണത്ത് വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു നടത്തിയ പരിപാടിക്കിടെയാണ് അപകടം. ജനുവരി 10നായിരുന്നു സംഭവം. പെട്രോൾ ഒഴിച്ചു ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിച്ച കല്യാണ സുന്ദരത്തിന്റെ ശരീരത്തിലേക്ക് തീപടരുകയായിരുന്നു. തഞ്ചാവൂർ മെഡിക്കൽ കോളേജിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്.
വേളാങ്കണ്ണി പോലീസ് പരിധിയിലുള്ള അഗര ഒരത്തൂർ ജംഗ്ഷനിലാണ് പ്രതിഷേധ സൂചകമായി ട്രംപിന്റെ കോലം കത്തിച്ചത്. പ്രതിഷേധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പെട്രോൾ കുപ്പി പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഈ ബഹളത്തിനിടയിൽ പെട്രോൾ കല്യാണസുന്ദരത്തിന്റെ ശരീരത്തിലേക്ക് തെറിക്കുകയും അദ്ദേഹത്തിന്റെ കൈലിയിൽ തീ പടരുകയും ചെയ്തു. ഇതിൽ അദ്ദേഹത്തിന്റെ രണ്ട് കാലുകൾക്കും ഇടതുകൈയ്ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ പോലീസും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ ഒരത്തൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം ഈ മാസം 13ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നു.