-->
കൊച്ചി: ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാന്‍ നേരിട്ടിടപെട്ട് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫണ്ട് അക്കൗണ്ടുകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് കേരള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡിനെ (കിറ്റ്‌ഫ്ര) ചുമതലപ്പെടുത്തി. ഡിജിറ്റൈസ് ചെയ്യുന്ന നടപടി എത്ര സമയംകൊണ്ടു പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കോടതിയെ അറിയിക്കണം. ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും പൂര്‍ണമായും ഇല്ലാതാക്കണമെന്നും കോടതി പറഞ്ഞു. സംസ്‌ഥാന സര്‍ക്കാര്‍ സ്‌ഥാപനമായ കിറ്റ്‌ഫ്ര, കെ-സ്‌മാര്‍ട്ട് തുടങ്ങിയവയ്‌ക്കു നേതൃത്വം നല്‍കുന്ന ഉദ്യോഗസ്‌ഥരെ കോടതി നേരിട്ടു വിളിച്ചുവരുത്തിയിരുന്നു. ക്ഷേത്രങ്ങളിലെ ക്രമക്കേടുകള്‍ തടയാന്‍ ഡിജിറ്റൈസേഷന്‍ എങ്ങനെ നടപ്പാക്കാമെന്ന് ഉദ്യോഗസ്‌ഥരോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആരാഞ്ഞു. അടുത്ത മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്തിനു മുമ്പ് ശബരിമലയിലെ മുഴുവന്‍ അക്കൗണ്ടുകളും ഡിജിറ്റൈസ് ചെയ്യാനാണു കോടതി ഉദ്ദേശിക്കുന്നത്. ഡിജിറ്റൈസേഷന്‍ പൂര്‍ത്തികരിക്കുന്നതിനെക്കുറിച്ചും സമയക്രമം സംബന്ധിച്ചും അടുത്തയാഴ്‌ച കിറ്റ്‌ഫ്ര ഉദ്യോഗസ്‌ഥര്‍ കോടതിയില്‍ വിവരം നല്‍കണം.