-->
ചേര്‍ത്തല: ഐക്യനീക്കത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരില്‍ എന്‍.എസ്.എസിനെയോ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെയോ തളളിപ്പറയാനില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. ചേര്‍ത്തല ശ്രീനാരായണ കോളജില്‍ നടന്ന എസ്.എന്‍. ട്രസ്‌റ്റ് വിശേഷാല്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പളളി.
എന്‍.എസ്.എസ്. സഹോദര സംഘടനയാണ്. ഇന്നല്ലെങ്കില്‍ നാളെ ഐക്യമുണ്ടാകും. ഇപ്പോഴത്തെ തീരുമാനം ലോകാവസാനം വരെ നിലനില്‍ക്കുന്നതല്ല. ഇരു സമുദായങ്ങളും ഹിന്ദുമതത്തില്‍ ഓരേ വിശ്വാസ ആചാരാനുഷ്‌ഠാനങ്ങള്‍ പിന്തുടരുന്ന ഒരേ ചോരയാണ്. ഐക്യത്തിനായി ശ്രമിച്ചത് രാഷ്‌ട്രീയ ലക്ഷ്യംവച്ചല്ല. തെരഞ്ഞെടുപ്പ് സ്‌റ്റണ്ടുമായിരുന്നില്ല.
നിഷ്‌കളങ്കനും നിസ്വാര്‍ഥനുമായ സുകുമാരന്‍ നായര്‍ ഐക്യത്തിന് വ്യക്‌തിപരമായി വലിയ പിന്തുണയാണ് നല്‍കിയത്. എന്‍.എസ്.എസ്. ഡയറക്‌ടര്‍ ബോര്‍ഡിലുണ്ടായ തീരുമാനം അംഗീകരിക്കുന്നു. ഇതില്‍ വിഷമവും പ്രതിഷേധവുമില്ല. മുസ്ലീംലീഗും പ്രതിപക്ഷനേതാവുമടക്കമുള്ളവര്‍ തന്നെ ഒറ്റ തിരിഞ്ഞു വേട്ടയാടിയപ്പോള്‍ താങ്ങും തണലുമായി നിന്നത് സുകുമാരന്‍ നായരാണ്. ഈ ഘട്ടത്തില്‍ തനിക്കു സുകുമാരന്‍ നായരുടെ പിന്തുണയിലൂടെ ലഭിച്ചത് ഇരട്ടി തന്റേടമായിരുന്നു. ഐക്യത്തിനായി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയപ്പോള്‍ തന്റെ മകനെ അദ്ദേഹത്തിന്റെ മകനെ പോലെ സ്‌നേഹിക്കുന്നെന്നു പറഞ്ഞതാണ്. നായര്‍ ഈഴവ ഐക്യ നീക്കം ചില രാഷ്‌ട്രീയ നേതാക്കള്‍ക്ക് ഉള്‍ക്കിടിലമുണ്ടാക്കി. ഐക്യം തകര്‍ന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട.-വെള്ളാപ്പള്ളി പറഞ്ഞു.
എന്‍.എസ്.എസുമായി മാത്രമുള്ള ഐക്യമല്ല എസ്.എന്‍.ഡി.പി ലക്ഷ്യമിടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ കൂട്ടായ്‌മയാണ്. ഇതു കഴിഞ്ഞ ദിവസമുണ്ടായ തീരുമാനമല്ല. വര്‍ഷങ്ങള്‍ക്കു മുന്നേയെടുത്ത തീരുമാനമായിരുന്നു. നായാടി മുതല്‍ നസ്രാണി വരെയുള്ള ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മുസ്ലീം സമുദായത്തിന് താന്‍ ഒരിക്കലും എതിരല്ല. കൂടെകൂട്ടി ചതിച്ചതിനാലാണ് മുസ്ലീംലീഗിനെതിരെ പറഞ്ഞത്. മുസ്ലീം വിരോധിയല്ല, ലീഗിനെ ചോദ്യം ചെയ്‌തതിന്റെ പേരിലാണ് മുസ്ലീം വിരോധിയാക്കി തന്നെയും ഈഴവ സമുദായത്തെയും ഇല്ലാതാക്കാന്‍ നോക്കിയത്. ഇതിനെയാണ് നേരിട്ടത്.- വെള്ളാപ്പള്ളി പറഞ്ഞു.
പത്മഭൂഷണ്‍ പുരസ്‌കാരം സമുദായത്തിനായുളള സംഘടനാ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. ഇതു തനിക്കു വ്യക്‌തപരമായല്ല സമൂദായത്തിനായാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തനിക്കും നടന്‍ മമ്മൂട്ടിക്കും പത്മ ഭൂഷണ്‍ ബഹുമതി കിട്ടി. അദ്ദേഹത്തിന്റെ കഴിവിനും അഭിനയ മികവിനുമുള്ളതാണ് അംഗീകാരം. എനിക്ക് അങ്ങനെയല്ല. സാധാരണക്കാരായ സമുദായാംഗങ്ങളെ ചേര്‍ത്തു നിര്‍ത്തി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ്. ഇത് സമുദായത്തിനും ഗുരുവിന്റെ പാദങ്ങളിലും സമര്‍പ്പിക്കുകയാണ്. സീറോ ആയിരുന്ന വെള്ളാപ്പളളിയെ ഹീറോയാക്കിയത് സമുദായാംഗങ്ങളാണ്. യുദ്ധം ചെയ്യാനോ മതവിദ്വേഷം വളര്‍ത്താനോ അല്ല തന്റെ ലക്ഷ്യം. സമുദായത്തിന് അര്‍ഹമായത് മടിയില്ലാതെ ആര്‍ക്കു മുന്നിലും ചോദിക്കാനാണ്. അതിനാല്‍ വിവാദങ്ങള്‍ ഒഴിയാതെ എപ്പോഴും കൂടെയുണ്ട്. അത്തരം വിവാദങ്ങള്‍ പിന്നീട് പൂമാലയാകുന്നത് ഗുരുവിന്റ അനുഗ്രഹത്താലാണ്. തന്റെ ചോരക്കു വേണ്ടി കള്ളത്തരങ്ങള്‍ പ്രചരിച്ചവര്‍ക്കും റേറ്റിങ് കൂട്ടാന്‍ അസത്യങ്ങള്‍ പ്രചരിപ്പിച്ച ചാനലുകാര്‍ക്കും പുരസ്‌കാരം മറുപടിയാണ്.-വെള്ളാപ്പള്ളി പറഞ്ഞു.