-->
കൊച്ചി: സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) മിന്നല്‍ പരിശോധന. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) യുടെയും എസ്.ഡി.പി.ഐയുടെയും മുന്‍ ഭാരവാഹികളുടെ വീടുകളിലും ഓഫീസുകളിലുമുള്‍പ്പെടെ ഇരുപതോളം കേന്ദ്രങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ റെയ്‌ഡ് നടത്തിയത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധിത സംഘടനയുടെ പുനരുജ്‌ജീവന ശ്രമങ്ങള്‍ക്കും സാമ്പത്തികസഹായം ലഭിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണു നടപടി. തൃശൂര്‍ ചാവക്കാട് എസ്.ഡി.പി.ഐ നേതാവ് ഫാമിസ് അബൂബക്കറിന്റെ വീട്ടില്‍ പരിശോധന നടത്തി. പി.എഫ്.ഐയുടെ മുന്‍ ജില്ലാ നേതാവായ ഇയാളുടെ വീട്ടില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് ഉദ്യോഗസ്‌ഥരെത്തിയത്. കൊച്ചിയില്‍ നിന്നുള്ള ഏഴംഗ പ്രത്യേക സംഘം രണ്ടുകാറുകളിലായി ഫാമിസ് താമസിക്കുന്ന പാലയൂരിലെ വാടകവീട്ടിലെത്തി റെയ്‌ഡ് നടത്തുകയായിരുന്നു. ഈസമയം ഫാമിസ് വീട്ടിലുണ്ടായിരുന്നു.
രാവിലെ 6.50 നു തുടങ്ങിയ പരിശോധന 9.45 നാണ് പൂര്‍ത്തിയായത്. ചാവക്കാട് ടൗണില്‍ വസ്‌ത്രവ്യാപാര സ്‌ഥാപനം നടത്തുന്ന ഫാമിസ് അടുത്തകാലം വരെ എസ്.ഡി.പി.ഐ. ചാവക്കാട് മുനിസിപ്പല്‍ പ്രസിഡന്റായിരുന്നു. ഇയാളുടെ ഡിജിറ്റല്‍ ഉപകരണങ്ങളും ബാങ്ക് രേഖകളും ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചതായാണു വിവരം.
തൃശൂരിനു പുറമേ എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും പരിശോധന നടന്നു. പി.എഫ്.ഐ. നിരോധനത്തിനു ശേഷവും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി ഏകോപിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെ അറസ്‌റ്റിലായവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണുപരിശോധന.
റെയ്‌ഡ് നടക്കുന്ന ഇടങ്ങളില്‍ സുരക്ഷയ്‌ക്കായി കേന്ദ്രസേനയെയും വിന്യസിച്ചിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ എന്‍.ഐ.എ. ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.