-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്‌ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് സി.പി.എം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 11 മന്ത്രിമാരും 56 സിറ്റിങ് എം.എല്‍.എമാരും ജനവിധി തേടും.സ്‌പീക്കര്‍ എ.എന്‍. ഷംസീറിന് പകരം തലശേരിയില്‍ കാരായി രാജനെ നിശ്‌ചയിച്ചതാണു പട്ടികയിലെ പ്രധാന മാറ്റം. ഉടുമ്പഞ്ചോലയില്‍ എം.എം. മണിക്ക് പകരം കെ.കെ. ജയചന്ദ്രന്‍. ധര്‍മ്മടം മണ്‌ഡലത്തില്‍ നിന്നു വീണ്ടും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് മത്സരരംഗത്തുള്ള ഏക പോളിറ്റ് ബ്യൂറോ അംഗം. കെ.കെ. ശൈലജ പേരാവൂരില്‍. ഫുട്‌ബോള്‍ താരം യു. ഷറഫലി നിലമ്പൂരില്‍ സ്വതന്ത്രനായി മത്സരിക്കും.
86 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. 75 മണ്‌ഡലങ്ങളില്‍ സി.പി.എം. സ്‌ഥാനാര്‍ഥികള്‍ നേരിട്ട് മത്സരിക്കും. ബാക്കി മണ്‌ഡലങ്ങളില്‍ ഇടത് പിന്തുണയുള്ള പൊതുസ്വതന്ത്രര്‍. ഇതില്‍ 81 സ്‌ഥാനാര്‍ഥികളെയാണ് സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. കൊടുവള്ളി, കോട്ടയ്‌ക്കല്‍, കൊണ്ടോട്ടി, തിരൂര്‍, പാലക്കാട് മണ്‌ഡലങ്ങളിലെ സ്വതന്ത്ര സ്‌ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍, ആന്റണി രാജുവിന്റെ കേസിന്റെ വിധി വന്നശേഷം തീരുമാനിക്കും. നാളെയാണ് വിധി വരുന്നത്.
കെ.കെ ശൈലജ, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, ടി പി. രാമകൃഷ്‌ണന്‍ എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പി.എ. മുഹമ്മദ് റിയാസ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, കെ കെ ജയചന്ദ്രന്‍ എന്നീ സംസ്‌ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും മത്സരിക്കും. 10 വനിതാ സ്‌ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നു സ്‌ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചുകൊണ്ട് സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. പുതുച്ചേരിയിലെ മാഹിയില്‍ അഡ്വ. ടി. അശോക് കുമാര്‍ സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കും.