-->
സാധാരണയായി സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചാണ് ആളുകള്‍ പര്‍വതങ്ങളും അംബരചുംബികളായ കെട്ടിടങ്ങളുമെല്ലാം കീഴടക്കുന്നത്. എന്നാല്‍,ഇവിടെ ഇതാ സുരക്ഷാ ഉപകരണങ്ങളുടെയോ കയറിന്റെയോ സഹായമില്ലാതെ 101 നില കെട്ടിടത്തിന്റെ മുകള്‍നിലവരെ കയറി റെക്കോഡിട്ടിരിക്കുകയാണ് അമേരിക്കക്കാരന്‍ അലക്‌സ് ഹൊണോള്‍ഡ്.
തയ്വാനിലെ 101 നില കെട്ടിടമായ 'തായ്‌പേയ് 101' ആണ് ഞായറാഴ്ച അലക്‌സ് അതിസാഹസികമായി കീഴടക്കിയത്. 508 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടത്തിന്റെ നെറുകെയിലെത്താന്‍ ഒരു മണിക്കൂര്‍ 31 മിനിറ്റെടുത്തു. താഴെ തടിച്ചുകൂടിയവര്‍ ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടാണ് ഈ സാഹസികതയ്ക്ക് സാക്ഷിയായത്.
മുളവടിയുടെ മാതൃകയിലുണ്ടാക്കിയിരിക്കുന്ന ഈ കൂറ്റന്‍കെട്ടിടം സ്റ്റീലും ഗ്ലാസും കോണ്‍ക്രീറ്റും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അലക്‌സിന്റെ 'തായ്‌പേയ് 101' കയറ്റം നെറ്റ്ഫ്‌ളിക്‌സ് തത്സമയം സംപ്രേഷണംചെയ്തു. തായ്‌പേയ് 101 കീഴടക്കിയതിന്റെ റെക്കോഡ് 2 പൈഡര്‍മാന്‍' എന്നറിയപ്പെടുന്ന ഫ്രഞ്ച് ആരോഹകന്‍ അലയ്ന്‍ റോബര്‍ട്ടിന്റെ പേരിലാണ്. പക്ഷേ, അദ്ദേഹം കയറിയത് കയറും സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ചാണ്.
അന്ന് ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടംകൂടിയായ തായ്‌പേയ് 101 കയറാന്‍ അലയ്ന്‍ നാലുമണിക്കൂറെടുത്തിരുന്നു. സുരക്ഷാ ഉപകരണങ്ങളില്ലാതെ 'എല്‍ ക്യാപ്റ്റന്‍' എന്ന ഏകശില കീഴടക്കിയ ആദ്യവ്യക്തിയാണ് ഹൊണോള്‍ഡ്. കാലിഫോര്‍ണിയയിലെ യൊസെമൈറ്റ് നാഷണല്‍ പാര്‍ക്കിലുള്ള ഈ ഗ്രാനൈറ്റ് ശിലയ്ക്ക് 915 മീറ്റര്‍ ഉയരമുണ്ട്.