Friday, March 13, 2026 Last Updated 5 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.11 AM

‘മുപ്പത് എന്നത് ഒരു അവസാനമല്ല, അതൊരു ശക്തമായ തുടക്കമാണ്’; മകളുടെ ജന്മദിനത്തില്‍ കുറിപ്പുമായി റഹ്മാന്‍

rahman-
photo-www.instagram.com/rahman_actor/

മകളുടെ മുപ്പതാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് നടന്‍ റഹ്മാന്‍. ജീവിതത്തിലെ പ്രതിസന്ധികളെയും കഠിനമായ പരീക്ഷണങ്ങളെയും അതിജീവിച്ചു കരുത്തോടെ മുന്നേറിയ മകളുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുന്നതോടൊപ്പം, ഒരു അച്ഛന്‍ എന്ന നിലയില്‍ മകളെ ഓര്‍ത്ത് എത്രമാത്രം അഭിമാനിക്കുന്നുവെന്നും താരം പറയുന്നു. അര്‍ഹിക്കാത്ത വേദനകളിലൂടെ കടന്നുപോയപ്പോഴും തളരാതെ മുന്നോട്ട് നീങ്ങിയ മകള്‍ തന്റെ കരുത്താണെന്നും, മുപ്പതാം വയസ്സ് ഒരു അവസാനമല്ല മറിച്ച് അര്‍ഹതപ്പെട്ട സന്തോഷങ്ങളിലേക്കുളള പുതിയൊരു തുടക്കമാണെന്നും റഹമാന്‍ കുറിപ്പില്‍ പറയുന്നു.

‘എന്റെ പ്രിയപ്പെട്ട മകള്‍ക്ക്, ഇന്ന് നിനക്ക് 30 വയസ്സ് തികയുകയാണ്. ഇത് വെറും പ്രായത്തിന്റെ ഒരു കണക്കല്ല, മറിച്ച് നിന്റെ ധൈര്യത്തിന്റെയും വളര്‍ച്ചയുടെയും അതിജീവനത്തിന്റെയും മനോഹരമായ നാഴികക്കല്ലാണ്. നീ അര്‍ഹിക്കാത്ത രീതിയില്‍ ജീവിതം നിന്നെ പരീക്ഷിച്ച വര്‍ഷങ്ങളിലൂടെ കടന്നുപോയത് ഒരു പിതാവെന്ന നിലയില്‍ ഞാന്‍ കണ്ടു. കൊടുങ്കാറ്റുകളെ നീ നിശബ്ദമായി നേരിട്ടു, വേദനകളെ അന്തസ്സോടെ ചുമന്നു. എന്നിട്ടും തോറ്റുപോകാതെ മുന്നോട്ട് നടക്കാന്‍ നീ തീരുമാനിച്ചു. അത് മാത്രം മതി നീ എത്രത്തോളം കരുത്തയാണെന്ന് എനിക്ക് മനസ്സിലാക്കിത്തരാന്‍.

ജീവിതം എല്ലായ്‌പ്പോഴും നിന്നോട് ദയ കാണിച്ചിട്ടില്ലായിരിക്കാം. പക്ഷേ ആ കഠിനാനുഭവങ്ങളൊന്നും നിന്റെ ഹൃദയത്തെ കടുപ്പമുളളതാക്കാന്‍ നീ അനുവദിച്ചില്ല. നീ ഓരോന്നില്‍ നിന്നും പഠിച്ചു, എല്ലാം സഹിച്ചു ഒടുവില്‍ കൂടുതല്‍ ജ്ഞാനമുളളവളായി മാറി , ഒരിക്കലും ആരോടും വിദ്വേഷം തോന്നാതെ. ഇന്ന് നീ ആയിരിക്കുന്ന ഈ വ്യക്തിയെ ഓര്‍ത്ത് ഞാന്‍ അത്യധികം അഭിമാനിക്കുന്നു. ചിന്താശീലയായ , കരുണയുളള , ഉളളില്‍ ഭയം തോന്നുമ്പോഴും ധൈര്യം കൈവിടാതെ മനോഹരമായ ഒരു വ്യക്തിത്വമാണ് നിന്റേത്.

മുപ്പത് എന്നത് ഒരു അവസാനമല്ല, അതൊരു ശക്തമായ തുടക്കമാണ്. നിന്നെത്തന്നെ തിരിച്ചറിയാനും നിന്റെ മൂല്യം മനസ്സിലാക്കാനും സന്തോഷം നിന്നെ തേടി വരാന്‍ അനുവദിക്കാനുമുളള ഒരു പുതിയ അധ്യായമാണിത്. നിനക്ക് ആരോടും ഒന്നും തെളിയിക്കാനോ ഒന്നിനെക്കുറിച്ചും വിശദീകരിക്കാനോ ഇല്ല, നിന്റെ യാത്ര നിന്റേത് മാത്രമാണ്, നീ ഇപ്പോള്‍ എവിടെയാണോ അവിടെയാണ് നീ ആയിരിക്കേണ്ടതും.

ഇത് എപ്പോഴും ഓര്‍ക്കുക, നീ പരിപൂര്‍ണയാണ്, നീ ആഴത്തില്‍ സ്‌നേഹിക്കപ്പെടുന്നു. നീ കടന്നുപോയ എല്ലാ പ്രയാസകരമായ ദിവസങ്ങളെക്കാളും കരുത്തയാണ് നീ. ജീവിതം നിന്നെ എവിടെ എത്തിച്ചാലും എന്റെ പ്രാര്‍ഥനകളും വിശ്വാസവും അഭിമാനവും നിഴലായി നിന്റെ കുടെയുണ്ടാകും. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ നിനക്ക് സമാധാനവും വ്യക്തതയും നീ അര്‍ഹിക്കുന്ന സന്തോഷവും നല്‍കുമെന്ന് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. എന്റെ പ്രിയപ്പെട്ട മകള്‍ക്ക് മുപ്പതാം ജന്മദിനാശംസകള്‍. ഏറ്റവും നല്ല നിമിഷങ്ങള്‍ ഇനിയും നിന്നെ കാത്തിരിക്കുന്നു. ഞാന്‍ എപ്പോഴും നിനക്കൊപ്പം ഇവിടെയുണ്ടാകും. എല്ലാ സ്‌നേഹത്തോടും കൂടി അച്ഛന്‍’ റഹ്മാന്റെ വാക്കുകള്‍

ആരാധകര്‍ക്കേറെ പ്രിയങ്കരനാണ് റഹ്മാന്‍. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ പകര്‍ന്നാടിയ റഹ്മാനിലെ നടനെ മൂന്നു പതിറ്റാണ്ടിലേറെയായി മലയാളികള്‍ക്ക് പരിചിതമാണ്. എ.ആര്‍. റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകള്‍ കൂടി റഹ്മാനുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW