-->
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എ യ്ക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയിരുന്നു. അറസ്റ്റ ചെയ്ത് 18 ാം ദിവസമാണ് രാഹുലിന് ജാമ്യം കിട്ടിയിരിക്കുന്നത്. ഇതോടെ മാവേലിക്കര സബ്ജയിലില്‍ കിടക്കുന്ന രാഹുല്‍ ജയില്‍ മോചിതനാകും.
കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ഇരയും തമ്മിലുള്ള ഫോണ്‍സംഭാഷണം രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ചാറ്റുകള്‍ പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഉഭയസമ്മതത്തോടെയുള്ള ഇടപെടലുകളാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകള്‍ പ്രതിഭാഗം ഹാജരാക്കുന്നത്. കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ഇതിനകം തന്നെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ തരത്തിലുമുള്ള തെളിവെടുപ്പുകള്‍ നടത്തിക്കഴിഞ്ഞതായും ഇനി കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.
പരാതിയില്‍ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഒരു റിമാന്റ് കാലാവധി പൂര്‍ത്തിയായിട്ടും രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മജിസ്‌ട്രേറ്റ് കോടതി നിഷേധിക്കപ്പെട്ട ജാമ്യമാണ് സെഷന്‍സ് കോടതി നല്‍കിയത്. അന്വേഷണസംഘം ഈ കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്ന മുറയ്ക്കായിരിക്കും മറ്റു കാര്യങ്ങള്‍ ഉണ്ടാവുക.
രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ 17 ദിവസത്തിലേറെയായി മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ തുടരുകയാണ്. അതിനിടയില്‍ രാഹുലിന്റെ ആദ്യത്തെ കേസിന്റെ മൂന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലുണ്ട്. ഈ കേസിലും ജാമ്യം നല്‍കരുതെന്നാണ എസ്‌ഐടി പറയുന്നത്. ജാമ്യം കിട്ടിയാല്‍ നിയമം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണമാണ് എസഐടി പ്രധാനമായും ഉയര്‍ത്തുന്നത്.