-->
കണ്ണൂര്‍: ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട വിവാദം നിയമസഭയില്‍ അടക്കം വലിയ ചര്‍ച്ചയായി മാറിയിരിക്കെ പയ്യന്നൂരില്‍ പ്രശ്‌നം പരിഹരിക്കാന്‍ സിപിഐഎം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ പ്രസന്നന്റെ വീട് കണ്ണൂരിലെ വലിയ നേതാക്കളില്‍ ഒരാളായ പി.ജയരാജന്‍. ഇന്നലെ രാത്രിയിലാണ് പി ജയരാജന്‍ പ്രസന്നന്റെ വീട്ടിലെത്തിയത്.
വി.കുഞ്ഞികൃഷ്ണന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയൂം പ്രകടനത്തിന് നേതൃത്വം നല്‍കുകയും ചെയ്തതിന് പിന്നാലെ ഇന്നലെ രാവിലെ പ്രസന്നന്റെ ബൈക്ക് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആര്‍ക്കെതിരെയും പ്രസന്നന്‍ ആരോപണം ഉയര്‍ത്തിയിട്ടില്ല. സംഭവത്തില്‍ സിസിടിവികള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
പാര്‍ട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കിയ കുഞ്ഞികൃഷ്ണന്‍ അനുകൂലികളെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാമാണ് പി ജയരാജന്റെ സന്ദര്‍ശനം എന്നാണ് വിവരം. . വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ വി നാരായണന്റെ വീട്ടിലും ജയരാജന്‍ സന്ദര്‍ശനം നടത്തി. ഏരിയ സെക്രട്ടറി പി സന്തോഷ്, നഗരസഭാ ചെയര്‍മാനും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുമായ സരിന്‍ ശശിയും നേരത്തേ പ്രസന്നനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടന്നപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് പ്രസന്നന്‍ ആയിരുന്നു.