Saturday, March 14, 2026 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.30 PM

എം.പിമാര്‍ മത്സരിക്കേണ്ട; വിജയസാധ്യത പരിഗണിച്ചുമാത്രം സ്‌ഥാനാര്‍ഥി നിര്‍ണയം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്നു കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ സമിതിയില്‍ ഭൂരിപക്ഷാഭിപ്രായം. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇളവു നല്‍കുന്നതില്‍ ഉള്‍പ്പെടെ ദേശീയ നേതൃത്വം അന്തിമതീരുമാനമെടുക്കും.
തിരുവനന്തപുരത്ത്‌ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സ്‌ഥാനാര്‍ഥി നിര്‍ണയം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, തെരഞ്ഞെടുപ്പ്‌ വിഷയങ്ങള്‍ എന്നിവ സംബന്ധിച്ചു പ്രാഥമിക ചര്‍ച്ച ആരംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം അനുകൂല സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പരമാവധി തര്‍ക്കരഹിതമായ സ്‌ഥാനാര്‍ഥി നിര്‍ണയവും സീറ്റ്‌ വിഭജനവും നടത്തുന്നതിനു മുന്‍ഗണന നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. സിറ്റിങ്‌ സീറ്റുകളിലും സംവരണ മണ്‌ഡലങ്ങളിലും ആദ്യഘട്ടത്തില്‍ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
ആരും സ്വയം സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു രംഗത്തെത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നു യോഗം കര്‍ശന നിര്‍ദേശം നല്‍കി. സ്‌ഥാനാര്‍ഥിത്വം പാര്‍ട്ടിതന്നെ പ്രഖ്യാപിക്കും. സ്‌ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട പേരുകള്‍ തെരഞ്ഞടുപ്പ്‌ സമിതിയംഗങ്ങള്‍ക്കു ശിപാര്‍ശ ചെയ്യാം.
കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷ നേതാവിനും പേരു സമര്‍പ്പിച്ചാല്‍ അതു പാനലാക്കി തുടര്‍ചര്‍ച്ചകളിലേക്ക്‌ പോകാമെന്നും നേതാക്കള്‍ പറഞ്ഞു. വിജയസാധ്യതമാത്രം പരിഗണിച്ചാവും സ്‌ഥാനാര്‍ഥി നിര്‍ണയം നടക്കുക. സാമുദായിക സന്തുലിതാവസ്‌ഥ പാലിക്കാന്‍ ശ്രദ്ധിക്കും. സുനില്‍ കനഗോലു ടീം ഉള്‍പ്പെടെ നടത്തിയ മൂന്നു സര്‍വേകളുടെ റിപ്പോര്‍ട്ടുകള്‍ ഗൗരവത്തോടെ പരിഗണിച്ചാവും സ്‌ഥാനാര്‍ഥി നിര്‍ണയം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്‌ഥിതിഗതികള്‍ സംബന്ധിച്ച്‌ ഡി.സി.സി. പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ വിശദമായ ചര്‍ച്ചയും നടന്നു.
സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ അഭിപ്രായം അറിയാന്‍ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നു ജില്ല തിരിച്ച്‌ നേതൃത്വം കൂടിക്കാഴ്‌ച നടത്തും. സിറ്റിങ്ങ്‌ എം.എല്‍.എമാരില്‍ ബഹുഭൂരിപക്ഷത്തിനും വീണ്ടും സീറ്റ്‌ ലഭിച്ചേക്കും.
പാലക്കാട്‌ മണ്‌ഡലത്തില്‍ നിലവിലെ എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിന്‌ സീറ്റ്‌ നല്‍കില്ല. ലൈംഗികപീഡനക്കേസില്‍പ്പെട്ട രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു.
തെരഞ്ഞെടുപ്പ്‌ സമിതി യോഗം നാളെ വരെ നീണ്ടുനില്‍ക്കും. പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും ഉള്‍പ്പെടെ 37 പേരാണ്‌ തെരഞ്ഞെടുപ്പ്‌ സമിതിയിലുള്ളത്‌. പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍ യോഗത്തിനെത്താതിരുന്നതു ചര്‍ച്ചയായി. വിദേശത്തായതിനാല്‍ യോഗത്തിനെത്തില്ലെന്നു തരൂര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

Ads by Google
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW