-->
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ പതിനാറുകാരനു മര്‍ദനമറ്റേതിന്നു പിന്നാലെ കണിയാമ്പറ്റയിലും വിദ്യാര്‍ഥിക്കു ക്രൂര മര്‍ദനം. കണിയാമ്പറ്റ സ്വദേശിയായ പതിനാലുകാരനെയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചത്. കണിയാമ്പറ്റ വില്ലേജ് ഓഫീസ് റോഡിനു സമീപത്തവച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെ യായിരുന്നു മര്‍ദനം. കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുട്ടില്‍ ഡബ്ല്യു.എം.ഒ. സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെയാണു മര്‍ദിച്ചത്. ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കുട്ടിയെ വിളിച്ചുവരുത്തി മര്‍ദിക്കുകയും മുള്ളുവേലിയിലേക്കു കിടത്തി ചവിട്ടുകയും തലയ്‌ക്കടിക്കുകയുമായിരുന്നു. പ്രാണരക്ഷാര്‍ഥം ഓടി വീട്ടിലെത്തിയ കുട്ടിയെ വീട്ടുകാര്‍ കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിഫോം അടക്കം വലിച്ചുകീറിയെന്നും കഴുത്തിനും നെഞ്ചിനും പരുക്കേറ്റൊന്നും വിദ്യാര്‍ഥിയുടെ മാതാവ് പറഞ്ഞു. മുള്ളുവേലിയില്‍ കിടത്തി മര്‍ദിച്ചതിനെത്തുടര്‍ന്നു കുട്ടിയുടെ പുറംഭാഗത്തു മുഴുവന്‍ മുറിവുകള്‍ പറ്റിയിട്ടുണ്ട്. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയെന്നും പോലീസില്‍ പരാതി നല്‍കിയതോടെ ഫോണില്‍ നിന്ന് ഇവ ഡിലീറ്റ് ചെയ്‌തെന്നും മാതാവ് വ്യക്‌തമാക്കി. വിദ്യാര്‍ഥികളുടെ ഇടയില്‍ ഇത്തരം പ്രവണതകള്‍ കൂടി വരുന്നതിനാല്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
കല്‍പ്പറ്റയില്‍ പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലു പ്രതികള്‍ അറസ്‌റ്റിലായിട്ടുണ്ട്. കല്‍പ്പറ്റ സ്വദേശി മുഹമ്മദ് നാഫി (18) യെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു ആണ്‍കുട്ടികളെയുമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസമാണ് പതിനാറുകാരനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ക്രൂരമായി മര്‍ദിക്കുന്നതും നിര്‍ബന്ധിച്ച് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും വളഞ്ഞിട്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.